ചെറുവത്തൂർ∙ കൊടക്കാട് ഓലാട്ട് എയുപി സ്കൂളിൽ വിദ്യാർഥിനിയുടെ കാലിൽ ഉറുമ്പുകടിയേറ്റതു പാമ്പുകടിയാണെന്നു സംശയമുയർന്നതിനെ തുടർന്നു രക്ഷിതാക്കളും...
ചെറുവത്തൂർ∙ കൊടക്കാട് ഓലാട്ട് എയുപി സ്കൂളിൽ വിദ്യാർഥിനിയുടെ കാലിൽ ഉറുമ്പുകടിയേറ്റതു പാമ്പുകടിയാണെന്നു സംശയമുയർന്നതിനെ തുടർന്നു രക്ഷിതാക്കളും അധ്യാപകരും ആശങ്കയുടെ മുൾമുനയിലായി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇടവേള സമയത്തു സ്കൂൾ ഓഡിറ്റോറിയത്തിന് സമീപം ഇരിക്കുകയായിരുന്ന എഴാം ക്ലാസ് വിദ്യാർഥിനി പ്രാർഥനയുടെ കാലിലാണ് ഉറുമ്പു കടിച്ചത്.
പാദത്തിനടിയിൽ പെട്ടെന്നു വേദന തോന്നി നോക്കിയപ്പോൾ രണ്ട് ഉറുമ്പുകളെ കണ്ടു. കഞ്ഞിപ്പുരയിൽ നിന്നു മഞ്ഞൾപൊടിയെടുത്തു മുറിവിലിട്ട ശേഷം അധ്യാപകരെ അറിയിച്ചു. അധ്യാപകരുടെ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടില്ല. വേദന മാറുകയും ചെയ്തതോടെ കുട്ടി പരീക്ഷയെഴുതി വീട്ടിലേക്കു പോയി. വൈകിട്ടു കാലിൽ നീരു വരാൻ തുടങ്ങിയതോടെ വീട്ടുകാർ വൈദ്യന്റെയടുത്ത് എത്തിച്ചു.
കാലിൽ വിഷം തീണ്ടിയതായി വൈദ്യൻ സംശയം പ്രകടിപ്പിച്ചതോടെ ഉടൻ വിഷചികിത്സാ കേന്ദ്രത്തിലെത്തി. പാമ്പുകടിയേറ്റതായി അവരും സംശയം പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾക്ക് ആശങ്കയേറി. ഈ സമയം കുട്ടിയുടെ വിവരമറിയാൻ വിളിച്ച അധ്യാപകരോട് ഇക്കാര്യം പറയുകയും ചെയ്തു. അധ്യാപകർ ഉടൻ വൈദ്യശാലയിൽ കുതിച്ചെത്തി കുട്ടിയെ അവിടെ നിന്നു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഉറുമ്പുകടി സ്ഥിരീകരിച്ചു. രണ്ടു ദിവസം കൂടി ആശുപത്രിയിൽ കഴിഞ്ഞ ശേഷം കുട്ടി ഇന്നലെ വീട്ടിൽ തിരിച്ചെത്തി. കടിയേറ്റ ഭാഗത്ത് ഇപ്പോഴും വേദനയുണ്ടെന്നു അമ്മ ശോഭന പറഞ്ഞു. കുട്ടിയുടെ വിവരങ്ങൾ ആരായാൻ പ്രധാന അധ്യാപകൻ പി.സുരേഷ്, പിടിഎ പ്രസിഡന്റ് കെ.പ്രഭാകരൻ, അധ്യാപകൻ ജി.കെ ഗിരീഷ് എന്നിവർ ഇന്നലെയും വീട്ടിലെത്തിയിരുന്നു.

COMMENTS