കാഞ്ഞങ്ങാട്:അലാമിപ്പള്ളിയിലെ നഗരസഭാ ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളും ഓഫീസ് മുറികളും ലേലംചെയ്യാനുള്ള നടപടികൾ പൂർത്തിയായി. ലേലം ...
കാഞ്ഞങ്ങാട്:അലാമിപ്പള്ളിയിലെ നഗരസഭാ ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളും ഓഫീസ് മുറികളും ലേലംചെയ്യാനുള്ള നടപടികൾ പൂർത്തിയായി. ലേലം സംബന്ധിച്ച നിയമാവലി സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്തതോടെയാണ് വർഷങ്ങളായി നീണ്ട പ്രശ്നങ്ങൾക്ക് പരിഹാരമായത്.
വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഗസറ്റ് വിജ്ഞാപന രേഖയും അനുമതിയും സമർപ്പിച്ചു. 2019 ഫെബ്രുവരി 12-നാണ് അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ് ഉദ്ഘാടനംചെയ്തത്. എന്നാൽ, ഷോപ്പിങ് കോപ്ലക്സ് കെട്ടിടങ്ങൾ ലേലംചെയ്യാൻ പറ്റാത്തതുകാരണം വാടകയിനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായത്. ലേലവുമായി ബന്ധപ്പെട്ട നടപടികൾ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതാണ് കാരണം.
കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച കടമുറിലേലനിയമാവലിയെ ചോദ്യംചെയ്ത് നഗരസഭയിലെ മുസ്‌ലിംലീഗ് കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ അംഗീകാരത്തോടെ ഗസറ്റ് വിജ്ഞാപനം നടത്തി നിയമാവലി പ്രസിദ്ധീകരിക്കണം എന്നതായിരുന്നു കോടതി വിധി.
കാസർകോട് വികസന പാക്കേജിൽ അലാമിപ്പള്ളിയിൽ മിനി ഇൻഡോർ സ്റ്റേഡിയ നിർമാണത്തിനായി സ്ഥലം വിട്ടുനൽകാനുള്ള അജൻഡ അടുത്തയോഗം ചർച്ചചെയ്യും. ബസ്‌സ്റ്റാൻഡ്-സ്റ്റേഡിയ നിർമാണ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് സെക്രട്ടറിയുടെ വിശദീകരണത്തെത്തുടർന്ന് അജൻഡ മാറ്റിവെച്ചത്. കെ.മഹമ്മദ്കുഞ്ഞി, എച്ച്.റംഷീദ്, എച്ച്.ആർ.ശ്രീധരൻ, സന്തോഷ് കുശാൽനഗർ, എ.നാരായണൻ, ടി.വി.ഭഗീരഥി, ഗംഗാ രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

COMMENTS