കോട്ടിക്കുളം: കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം പ്രവര്‍ത്തിക്കായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്...
കോട്ടിക്കുളം: കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം പ്രവര്‍ത്തിക്കായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി അനിശ്ചിതത്വത്തില്‍.
പാലക്കുന്ന് ടൗണില്‍ നിന്ന് റെയില്‍വെ പ്ലാറ്റ് ഫോം മുറിച്ചു കടന്ന് പോകുന്ന റോഡിന് പകരം മേല്‍പ്പാലം പണിത് ഗതാഗത കുരുക്കും അപകടവും ഒഴിവാക്കുന്നതിനായാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് പത്ത് വര്‍ഷം മുമ്പ് റെയില്‍വെ വകുപ്പ് സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മേല്‍പ്പാലം നിര്‍മ്മാണത്തിന് തുക നീക്കി വെച്ചിരുന്നില്ല. എന്നാല്‍ ഇവിടുത്തെ ഗതാഗത കുരുക്കും പാലത്തിന്റെ ആവശ്യകതയും വര്‍ധിച്ചതോടെ നാട്ടുകാരും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് 2016- 17 വര്‍ഷത്തെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബജറ്റില്‍ സ്ഥലം എം എല്‍ എയായ കെ കുഞ്ഞിരാമന്റെ നിര്‍ദ്ദേശ പ്രകാരം തുക വകയിരുത്തുകയും നിര്‍മ്മാണ പ്രവര്‍ത്തി റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്‌തത്. അവര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 20 കോടിയോളം രൂപ കിഫ്‌ബിയില്‍ നിന്ന് അനുവദിക്കുകയും ചെയ്‌തിരുന്നു.
നിര്‍മ്മാണം ആരംഭിക്കാന്‍ റെയില്‍വെയുടെ സമ്മതം ചോദിച്ചപ്പോള്‍ റെയില്‍വെ സ്ഥലത്തിന് നല്‍കിയ 2.50 ലക്ഷം രൂപയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകന്റെ ചേമ്പറില്‍ എം എല്‍ എയും ആര്‍ ബി ഡി സി കെ പ്രതിനിധികളും റെയില്‍വെ ഉദ്യോഗസ്ഥരും യോഗം ചേരുകയും മുഴുവന്‍ തുകയും കേരള സര്‍ക്കാര്‍ നല്‍കാന്‍ സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ഇതുവരെയായും റെയില്‍വെ വകുപ്പ് ഇതിന് അനുമതി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. ഇത് അവസാനിപ്പിച്ച് എത്രയും വേഗം റെയില്‍വെ മേല്‍പ്പാലം പണി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് റെയില്‍വെ വകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എം പിക്കും എം എല്‍ എ പരാതി നല്‍കി.

COMMENTS