കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ പട്ടണമായ കാഞ്ഞങ്ങാടിന്റെ മുഖം മാറുകയാണ്. മൂന്ന് ഘട്ടങ്ങളിലായി 16 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ്...
കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ പട്ടണമായ കാഞ്ഞങ്ങാടിന്റെ മുഖം മാറുകയാണ്. മൂന്ന് ഘട്ടങ്ങളിലായി 16 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ കുതിപ്പാകും പദ്ധതി. കാഞ്ഞങ്ങാടിന്റെ കലാ- സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ആധുനിക നഗരാസൂത്രണത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ആംഫി തീയറ്റര്‍, കഫെറ്റേരിയ, ഗെയിം സോണ്‍, ചില്‍ഡ്രന്‍സ് ഏരിയ, സീനിയര്‍ സിറ്റിസണ്‍സ് ഏരിയ, എക്സിബിഷന്‍ ഏരിയ, ഫീഡിങ് ഏരിയ, ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ്, ടോയ്ലറ്റ്, പാര്‍ക്കിങ്, സീറ്റിങ്, മഴവെള്ള സംഭരണി, റെയിന്‍ ഷെല്‍ട്ടര്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കോവിഡാനന്തരം കാസര്‍കോടിന്റെ കലാ സാംസ്‌ക്കാരിക സന്ധ്യകളും പരിപാടികളും ചടങ്ങുകളും നഗരത്തിന്റെ ഹൃദയ ഭാഗത്ത് സംഘടിപ്പിക്കാവുന്ന വിധത്തിലാണ് ടൗണ്‍ സ്‌ക്വയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാടിനെ പൈതൃക നഗരമാക്കാനുള്ള പദ്ധതിയാണിതെന്നും പദ്ധതി ജില്ലയുടെ ടൂറിസം കുതിപ്പിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 52 ലക്ഷം രൂപയും ടൂറിസം വകുപ്പ് അഞ്ച് ലക്ഷം രൂപയും ചേര്‍ത്താണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കാസര്‍കോട് ഡെവലപ്പ്മെന്റ് പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍, നഗരസഭ വൈസ് ചെയര്‍ പേഴസണ്‍ എല്‍. സുലൈഖ, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. റംഷീദ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ് ബേബി ഷീജ എന്നിവര്‍ സംസാരിച്ചു.ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ നന്ദിയും പറഞ്ഞു.

COMMENTS