കോലഞ്ചേരി: വീട്ടുകാരോട് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയും കാമുകനും ബൈക്കപകടത്തില്‍ മരിച്ചു. പള്ളിക്കര വെമ്ബിള്ളി മേപ്പിള്ളിമൂലയില്‍ പകിടപ്പറമ്ബ...
കോലഞ്ചേരി: വീട്ടുകാരോട് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയും കാമുകനും ബൈക്കപകടത്തില്‍ മരിച്ചു. പള്ളിക്കര വെമ്ബിള്ളി മേപ്പിള്ളിമൂലയില്‍ പകിടപ്പറമ്ബില്‍ കണ്ണന്റെ മകള്‍ ശ്രാവണി (20), ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം (24) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിന് കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ വാളകത്തിനടുത്ത് നിറുത്തിയിട്ട ടിപ്പറിന്റെ പിന്നില്‍ ഇവര്‍ സഞ്ചരിച്ച യമഹ ഫേസര്‍ ബൈക്കിടിച്ചാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹങ്ങള്‍ കണ്ട് മൂവാറ്റുപുഴ പൊലീസിനെ അറിയിച്ചത്.
പള്ളിക്കരയ്ക്കടുത്ത് വെമ്ബിള്ളിയില്‍ കാക്കനാട് നിന്നു വന്ന് താമസിക്കുന്ന കുടുംബമാണ് പെണ്‍കുട്ടിയുടേത്.
മാതാവ് മാസങ്ങള്‍ക്ക് മുമ്ബ് പിണങ്ങി പോയിരുന്നു. പിതാവ് വീട്ടില്‍ പതിവായി എത്താറില്ല. സഹോദരന്‍ സാഗര്‍ ആന പാപ്പാനാണ്. പെണ്‍കുട്ടി തന്റെ വീടിന് സമീപമുള്ള അമ്മാവന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്. ഇപ്പോള്‍ പാലക്കാട് സ്വകാര്യ സ്ഥാപനത്തില്‍ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് വീട്ടില്‍ വന്നതാണ്. പെണ്‍കുട്ടി വീട് വിട്ടിറങ്ങുമ്ബോള്‍ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ശ്രാവണിയുടെ അമ്മൂമ്മയുടെ വീട് ചോറ്റാനിക്കരയില്‍ ശ്യാമിന്റെ വീടിനടുത്താണ്. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുമ്ബനത്ത് കൊച്ചിന്‍ സുരക്ഷ ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തില്‍ ഡ്രൈവറാണ് ശ്യാം. എട്ടു മാസം മുമ്ബാണ് ഇവിടെ ജോലിക്കു കയറിയത്. ശബരിമലയ്ക്ക് പോയ ശേഷം ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. അമ്മ മിനി. സഹോദരി:ശരണ്യ
ശ്യാമിന്റെ സംസ്കാരം നടന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശ്രാവണിയുടെയും ശ്യാമിന്റെയും പ്രണയത്തിന് വീട്ടുകാര്‍ എതിരായിരുന്നു. ശ്രാവണിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിച്ചു. എന്നാല്‍ ശ്രാവണി സമ്മതിച്ചില്ല. ഇക്കാര്യം പറഞ്ഞ് കഴിഞ്ഞ ദിവസവും വഴക്കുണ്ടായി.
വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് ശ്രാവണി വിളിച്ചതനുസരിച്ച് കൂട്ടിക്കൊണ്ടു പോകാനാണ് ശ്യാം എത്തിയത്. ശ്രാവണി തന്നോടൊപ്പമുണ്ടെന്നും അന്വേഷിക്കേണ്ടതില്ലെന്നും ശ്യാം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. ശ്യാമും ശ്രാവണിയും മൂവാറ്റുപുഴ ഭാഗത്തേക്ക് എന്തിനാണ് പോയതെന്ന് വ്യക്തമായിട്ടില്ല.

COMMENTS