കാഞ്ഞങ്ങാട്:പെട്രോൾപ്പമ്പ് വിൽപ്പനനടത്തിയവകയിൽ 93 ലക്ഷം രൂപ നൽകിയില്ലെന്ന കേസിൽ പ്രതി 10 ദിവസത്തിനകം ചന്തേര പോലീസിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി...
കാഞ്ഞങ്ങാട്:പെട്രോൾപ്പമ്പ് വിൽപ്പനനടത്തിയവകയിൽ 93 ലക്ഷം രൂപ നൽകിയില്ലെന്ന കേസിൽ പ്രതി 10 ദിവസത്തിനകം ചന്തേര പോലീസിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാഞ്ഞങ്ങാട് പടന്നക്കാട്ട് താമസക്കാരനും അബുദാബിയിൽ ബിസിനസുകാരനുമായ അബൂബക്കർ കുറ്റിക്കോലിനെതിരേ ചന്തേര പോലീസ് രജിസ്റ്റർചെയ്ത കേസിൽ അബൂബക്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിർദേശം. പോലീസിൽ കീഴടങ്ങിയാൽ അറസ്റ്റ് രേഖപ്പെടുത്തി അരലക്ഷം രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടയക്കാമെന്നും ഉത്തരവിൽ പറയുന്നു.
രണ്ടുമാസക്കാലം എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. പാസ്പോർട്ട് പോലീസിന് കൈമാറണം. വിദേശത്തേക്ക് പോകണമെങ്കിൽ ഹൊസ്ദുർഗ് കോടതിയുടെ അനുമതി വാങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ചെറുവത്തൂർ ഞാണിങ്കൈയിലെ കെ.വി.ദേവകിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അരയേക്കർ സ്ഥലവും പെട്രോൾപ്പമ്പും ദേവകിയുടെയും മക്കളുടെയും പേരിലും പമ്പിന്റെ ലൈസൻസ് ദേവകിയുടെ മൂത്തമകളുടെ ഭർത്താവിന്റെ പേരിലുമായിരുന്നു. 2017 ഫെബ്രവരി ഒൻപതിന് പമ്പും ഇതുൾക്കൊള്ളുന്ന സ്ഥലവും മൂന്നരക്കോടി രൂപയ്ക്ക് അബൂബക്കറിന് വിറ്റു. വിൽപ്പനസമയത്ത് 1.42 കോടി രൂപ നൽകിയിരുന്നു. പമ്പിന്റെ രജിസ്‌ട്രേഷൻ മാറ്റണമെങ്കിൽ ഭൂമിയുടെ ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റെ പേരിലാക്കണമെന്ന് നിയമമുണ്ട്. ഇതേത്തുടർന്ന് അഡ്വാൻസ് തുക കൈപ്പറ്റുമ്പോൾത്തന്നെ സ്ഥലം രജിസ്റ്റർചെയ്തുകൊടുക്കേണ്ടിവന്നു. ഏഴുമാസത്തിനുള്ളിൽ പണം മുഴുവൻ നൽകാമെന്നുകാണിച്ച് കാരാറുണ്ടാക്കി. എന്നാൽ, ലൈസൻസ് മാറുന്നതിലെ കാലതാമസം കാരാറിൽ പറഞ്ഞ കാര്യങ്ങളെയും ബാധിച്ചു. 2019 മാർച്ചിൽ ലൈസൻസ് അബൂബക്കറിന്റെ നോമിനിയായ ഷാഹുൽഹമീദ് പട്ടത്തൂരിന്റെ പേരിലേക്ക് മാറ്റി ഭാരത് പെട്രോളിയം നടപടിക്രമങ്ങൾ പൂർത്തിയാക്കി. അതിനിടെ ബാക്കി പണം ചോദിച്ചപ്പോൾ പമ്പിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന സുധാകരൻ എന്നയാളുമായി താൻ ഇടപാടെല്ലാം പൂർത്തിയാക്കിയെന്ന മറുപടിയാണ് കിട്ടിയതെന്നും ദേവകി പരാതിയിൽ പറയുന്നു. തന്റെ മൂത്തമകളുടെ ഭർത്താവാണ് സുധാകരനെന്നും ഇവർക്കുള്ള ഓഹരികഴിച്ച് ബാക്കി 93 ലക്ഷം രൂപ തനിക്കും തന്റെ മറ്റു രണ്ടുമക്കൾക്കുമായി കിട്ടണമെന്നുമാണ് ദേവകി പരാതിയിൽ ആവശ്യപ്പെട്ടത്. വിശ്വാസവഞ്ചന നടത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

COMMENTS