ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. രാത്രിയില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒ ജെഎന്‍യു ഉള്...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. രാത്രിയില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒ ജെഎന്‍യു ഉള്‍പ്പെടെയുള്ള ക്യാമ്ബസുകളിലെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്ബസിലേക്ക് ഇരച്ചുകയറി പൊലീസ് വെടിവച്ചിരുന്നു. അതിന് ശേഷം 60ഓളം പേരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനെതിരെയായിരുന്നു ഡല്‍ഹി പൊലീസ് ആസ്ഥാനത്തെ പ്രതിഷേധം. ഒടുവില്‍ അറസ്റ്റ ്‌ചെയ്തവരെ എല്ലാം പൊലീസ് വിട്ടയിച്ചു. ഇതോടെ പ്രതിഷേധം അവസാനിച്ചു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വീണ്ടും തുടരാന്‍ സാധ്യതയുണ്ട്.
ഡല്‍ഹിയില്‍ ഇന്നലെ അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തിച്ചു. ക്യാമ്ബസിലെ പള്ളിക്കുള്ളില്‍ കടന്ന് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ് ബുക്കിലൂടെ വെളിപ്പെടുത്തി. മെസ്സിലും ലൈബ്രറിയിലും പൊലീസ് കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. പെണ്‍കുട്ടികളടക്കം പുരുഷ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി. ബിബിസി ലേഖിക അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. .അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ നിയന്ത്രണം ഞായറാഴ്ച രാത്രി പൊലീസ് ഏറ്റെടുത്തിരുന്നു. ക്യാമ്ബസിന്റെ എല്ലാ ഗേറ്റുകളും പൂട്ടി. അക്രമം നടത്തിയ പുറത്തുനിന്നുള്ളവര്‍ ക്യാമ്ബസില്‍ ഉണ്ടെന്നും അവരെ പിടികൂടാനാണ് നടപടിയെന്നുമാണ് പൊലീസ് ഭാഷ്യം. ക്യാമ്ബസില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു പൊലീസ് അതിക്രമം.
പൊലീസ് അനുവാദമില്ലാതെ ക്യാമ്ബസില്‍ കടന്ന് അക്രമം നടത്തുകയായിരുന്നെന്ന് ജാമിയ മിലിയ ഇസ്ലാമിയ ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദിച്ച പൊലീസ് അവരെ ക്യാമ്ബസിന് പുറത്താക്കാന്‍ ശ്രമിച്ചെന്നും വസിം പറഞ്ഞു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജാമിയ നഗറില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ലാത്തിചാര്‍ജ്ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിലരുടെ നില ഗുരുതരം. മഥുര റോഡ്, കാളിന്ദികുഞ്ച് റോഡ്, ന്യൂ ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ഒക്ല അണ്ടര്‍പാസ് മുതല്‍ സരിത വിഹാര്‍ വരെയുള്ള പാതയിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു.
ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പൊലീസ് ക്യാമ്ബസിനകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്‌തെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അക്രമം ഉണ്ടായതിന് പിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്നും പുറത്ത് നിന്നെത്തിയവരും പൊലീസുമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സര്‍വകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ച് വൈസ് ചാന്‍സലര്‍ നജ്മ അക്തറും ചീഫ് പ്രോക്ടര്‍ വസിം ഖാനും രംഗത്തെത്തി. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്. അക്രമത്തിന് പിന്നില്‍ വിദ്യാര്‍ത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല പ്രതികരിച്ചു. പൊലീസ് ക്യാംപസില്‍ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ വസീം അഹമദ് ഖാന്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിച്ചെന്നും ചീഫ് പ്രോക്ടര്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ലൈബ്രറി ചീഫ് പ്രോക്ടര്‍ സന്ദര്‍ശിച്ചു. ലൈബ്രറിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയെല്ലാം പുറത്തെത്തിച്ചെന്നും പൊലീസ് നടപടി അപലപനീയമെന്നും വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു.
അതേസമയം, പൊലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. അത്തരം വിവരങ്ങള്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടില്ല എന്നും സര്‍വകലാശാല വൃത്തങ്ങള്‍ അറിയിക്കുന്നു. ആകെ സംഘര്‍ഷത്തില്‍ 35 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. 11 പേര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്. അതേസമയം, ഒരു സംഘം അക്രമികളെത്തി ബസ്സ് ആക്രമിക്കുകയായിരുന്നെന്ന് ജാമിയക്ക് സമീപം കത്തിച്ച ബസ്സുകളിലൊന്നിന്റെ ഡ്രൈവര്‍ പറഞ്ഞു. ബസ്സില്‍ നിറയെ ആളുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലേറുണ്ടായി. പിന്നീട് പതിനഞ്ചോളം പേരടങ്ങുന്ന സംഘം എത്തി ആളുകളെ ഇറക്കി വിട്ട് ബസ്സ് കത്തിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു.
ഡല്‍ഹിയിലാകെ 11 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഐടിഒ, ഐഐടി, ജിടിബി നഗര്‍, ശിവജി സ്റ്റേഡിയം, വസന്ത് വിഹാര്‍, മുനിര്‍ക്ക, ആര്‍ കെ പുരം, സുഖ്‌ദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാര്‍, ജസോള ഷഹീന്‍ ബാഘ് എന്നീ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഇവിടങ്ങളിലൊന്നും മെട്രോ ട്രെയിനുകള്‍ നിര്‍ത്താതെ പോകുമെന്നും എന്‍ട്രി - എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചിടുമെന്നും ഡിഎംആര്‍സി അറിയിച്ചു. അതിനിടെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടാം ദിനവുമുണ്ടായ സമരങ്ങള്‍ അക്രമാസക്തമായതിന് പിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ. ക്യാമ്ബസിനകത്ത് കയറി വിദ്യാര്‍ത്ഥികളുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയ ചില 'പുറത്തു നിന്നുള്ളവരെ' അറസ്റ്റ് ചെയ്യാനാണ് പൊലീസ് അകത്തേക്ക് കയറിയതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമാസക്തമായ സമരത്തിന് പിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്ന് സര്‍വകലാശാലയും വിശദീകരിക്കുന്നു. എന്തായാലും ക്യാമ്ബസിനകത്തേക്ക് കയറിയ പൊലീസ് ജാമിയയിലെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് പ്രതിഷേധം പുതിയ തലത്തിലെത്തിയത്.
വൈകിട്ടോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിനിടെ അക്രമമുണ്ടായത്. ക്യാമ്ബസിനടുത്തുള്ള പ്രദേശങ്ങളില്‍ നാല് ബസ്സുകള്‍ അടക്കം പത്ത് വാഹനങ്ങള്‍ കത്തിച്ചു. സുഖ്‌ദേബ് ബിഹാര്‍, ഫ്രണ്ട്‌സ് കോളനി പരിസരങ്ങളില്‍ വന്‍ അക്രമം അരങ്ങേറി. പൊലീസ് ക്യാമ്ബസിനകത്തേക്ക് തുടര്‍ച്ചയായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. എല്ലാ ഗേറ്റുകളും പൊലീസ് അടച്ചു. ഫയര്‍ഫോഴ്‌സിന്റേതടക്കമുള്ള വാഹനങ്ങള്‍ കത്തിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി എന്നാണ് ആരോപിക്കപ്പെടുന്നത്. തിരികെ പൊലീസ് ക്യാമ്ബസിനകത്തേക്ക് വെടി വച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത് തെളിയിക്കാനുള്ള ചില ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്തുവിടുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ലൈബ്രറിയിലേക്കും പൊലീസ് ഇരച്ചുകയറിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലൈബ്രറിക്ക് അകത്തേക്ക് കണ്ണീര്‍ വാതകഷെല്ലുകള്‍ എറിഞ്ഞ്, അത് മുറികള്‍ക്കുള്ളില്‍ പരക്കുന്ന ദൃശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പുറത്തുവിടുന്നത്. ഇതിനിടെ വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസ് വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസ് തല്ലുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെന്നും ആരോപണങ്ങളുയരുന്നു. ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് പുറമേ, അലിഗഢ് സര്‍വകലാശാലയിലും വന്‍ സംഘര്‍ഷം ഉണ്ടായി.
സര്‍വകലാശാലയ്ക്ക് പുറത്തുള്ള ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.

COMMENTS