കാഞ്ഞങ്ങാട്: റോഡ് നെടുകെ പിളര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ പാറക്കല്‍ കുന്നുവയല്‍ റോഡാണ് ഇന്നലെ രാത്രി ...
കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ പാറക്കല്‍ കുന്നുവയല്‍ റോഡാണ് ഇന്നലെ രാത്രി ഒമ്പതു മണിയോടെ നെടുകെ പിളര്‍ന്നത്. ടാറിങ് ഉള്‍പ്പെടെ അടര്‍ന്നുമാറുകയായിരുന്നു. ഒടയംചാല്‍ പരപ്പ റോഡില്‍ കുന്നുംവയലില്‍ നിന്ന് പാറക്കല്ല് വഴി അട്ടേങ്ങാനം പോകുന്ന റോഡാണിത്. പ്രധാനപ്പെട്ട മലയോര റോഡുകളെ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡുകൂടിയാണ് ഇത്. പകല്‍ സമയത്ത് ഗതാഗതം സജീവമായ റോഡ് പിളര്‍ന്നതു രാത്രിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 25 മീറ്ററോളം ദൂരത്തില്‍ റോഡ് പിളര്‍ന്നിട്ടുണ്ട്. ഇതിനോടുചേര്‍ന്ന ഭാഗങ്ങള്‍ ഏതുഭാഗത്തും നിരങ്ങി മാറാമെന്ന സ്ഥിതിയിലാണ്. 15 മീറ്ററോളം ആഴത്തില്‍ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
അപകട വിവരമറിഞ്ഞ് നൂറു കണക്കിനാളുകള്‍ സ്ഥലത്തെത്തി. അതിനിടെ പിളര്‍ന്നുമാറിയ ഭാഗത്ത് ആരെങ്കിലും അകപ്പെട്ടുപോയോ എന്ന ആശങ്കയും ഉയര്‍ന്നു. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. റോഡിന്റെ പാര്‍ശ്വഭിത്തിയുടെ ബലക്ഷയമാണ് അപകട കാരണമെന്ന് കരുതുന്നു.
പാര്‍ശ്വഭിത്തി മണ്ണുതള്ളി തകരുകയായിരുന്നു. തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണും അടര്‍ന്നു മാറിയതോടെ കുഴി രൂപപ്പെട്ടു. അപകടത്തെതുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്

COMMENTS