ബേക്കൽ ∙ കേരളത്തിലും കർണാടകയിലുമായി വീസ തട്ടിപ്പു നടത്തിയ കേസിൽ കർണാടക സ്വദേശികളായ പിതാവിനെയും 2 മക്കളെയും ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ക...
ബേക്കൽ ∙ കേരളത്തിലും കർണാടകയിലുമായി വീസ തട്ടിപ്പു നടത്തിയ കേസിൽ കർണാടക സ്വദേശികളായ പിതാവിനെയും 2 മക്കളെയും ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക പുത്തുർ പടീലിലെ ഡെന്നീസ് (66) മക്കളായ വീണ റോഡ്രിഗസ് (30) ഫ്രാൻസിസ് റോഡ്രിഗസ് (22) എന്നിവരെയാണു ബേക്കൽ എസ്ഐ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൈസൂരു വി.വി.പുരം വൃന്ദാവനടുത്തെ ഫ്ലാറ്റിൽ നിന്നു പിടികൂടിയത്.
തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ എസ്.എ.അനീസ് ( ജോൺ ബെൻഹർ ഡിസൂസ–40) ഒളിവിലാണെന്നും ഇയാളുടെ ഭാര്യയാണു വീണയെന്നും പൊലീസ് പറഞ്ഞു. ഇംഗ്ലണ്ടിലെ വിവിധ കമ്പനിയിലേക്കുള്ള വീസ നൽകാമെന്നു പറഞ്ഞാണ് കേരളത്തിലും കർണാടകയിലുമായി തട്ടിപ്പ് നടത്തിയത്. വീസയ്ക്കായി 2018 ഓഗസ്റ്റിൽ പള്ളിക്കര സ്വദേശി തരുണൻ 8 ലക്ഷം രൂപ നൽകിയിരുന്നു.
എന്നാൽ നിശ്ചിത തീയതി കഴിഞ്ഞിട്ടും വീസ കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണു സംഘം മുങ്ങിയതായി മനസ്സിലാക്കിയത്. ബേക്കൽ സിഐ പി.നാരായണന്റെ നിർദേശത്തെ തുടർന്ന് എസ്ഐ ടി.വി.പ്രസന്നകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ കെ.ശ്രീജിത്ത് എന്നിവർ ചേർന്നാണു പ്രതികളെ മൈസൂരുവിൽ നിന്നു പിടികൂടിയത്.
കേസിലെ പ്രധാന പ്രതിയായ എസ്.എ.അനീസിനെ പിടികൂടിയാൽ മാത്രമേ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നു പൊലീസ് പറഞ്ഞു. 2017-18 വർഷങ്ങളിൽ കാഞ്ഞങ്ങാട്, കണ്ണൂർ, എറണാകുളം ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങളാണു വീസ നൽകാമെന്നു പറഞ്ഞു തട്ടിയെടുത്തത്.

COMMENTS