ചികിത്സ തേടി ആശുപത്രിയിലോ ക്ലിനിക്കിലോ എത്താതെ, ഡോക്ടറെ സമീപിക്കാതെ 111 വയസ്സു വരെ ജീവിച്ച രാവണീശ്വരം മാക്കിയിലെ പള്ളിക്കാപ്പിൽ പുലിക്കോടൻ ...
ചികിത്സ തേടി ആശുപത്രിയിലോ ക്ലിനിക്കിലോ എത്താതെ, ഡോക്ടറെ സമീപിക്കാതെ 111 വയസ്സു വരെ ജീവിച്ച രാവണീശ്വരം മാക്കിയിലെ പള്ളിക്കാപ്പിൽ പുലിക്കോടൻ വീട്ടിൽ പാറു അമ്മ വിടവാങ്ങി.ജീവിതത്തിൽ ഒരു തവണ പോലും പാറു അമ്മ ആശുപത്രിയിൽ ചികിത്സക്കായി പോയ ഓർമപോലുമില്ലെന്നു ബന്ധുക്കളും അയൽവാസികളും പറയുന്നു. മക്കൾക്കും മരുമക്കൾക്കും പേരമക്കൾക്കുമൊപ്പം കഴിഞ്ഞ പാറു അമ്മ ജീവിതത്തിൽ എല്ലാവർക്കും മാതൃകയും അത്ഭുതവുമായിരുന്നു.
1952 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും പാറു അമ്മ വോട്ടു ചെയ്തിരുന്നു. കുടുംബത്തിലെ അഞ്ചു തലമുറകൾക്കും പാറു അമ്മ സാക്ഷിയായി.രാവണീശ്വരത്തെ ശോഭനാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, സെൻട്രൽ യൂത്ത് ക്ലബ് എന്നിവയുടെ രജതജൂബിലിയുടെ ഭാഗമായി മന്ത്രി ഇ.ചന്ദ്രശേഖരൻ പാറു അമ്മയെ ആദരിച്ചിരുന്നു.രാവണീശ്വരം കോതോളംകര ഭഗവതി ക്ഷേത്രത്തിൽ ദീർഘകാലം ശുചീകരണ ജോലി നിർവഹിച്ചതു പാറു അമ്മയായിരുന്നു. ഭർത്താവ് പരേതനായ ചിരുകണ്ടൻ. മകൾ: പരേതയായ കമ്മാടത്തു. സഹോദരങ്ങൾ: പരേതരായ രാമൻ, ചന്തു, കൃഷ്ണൻ.

COMMENTS