ദുബായ്: ലോകം കാത്തിരിക്കുന്ന എക്സ്‌പോ 2020- യിലേക്ക് ഏതാനുംമാസങ്ങള്‍ മാത്രം അവശേഷിക്കെ, വേദിയിലേക്കുള്ള അവസാനഘട്ട റോഡുകളും നിര്‍മാണം പൂര്‍ത്...
ദുബായ്: ലോകം കാത്തിരിക്കുന്ന എക്സ്‌പോ 2020- യിലേക്ക് ഏതാനുംമാസങ്ങള്‍ മാത്രം അവശേഷിക്കെ, വേദിയിലേക്കുള്ള അവസാനഘട്ട റോഡുകളും നിര്‍മാണം പൂര്‍ത്തിയായി. അവസാനഘട്ട റോഡുകള്‍ തുറന്നതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍.ടി.എ.) ശനിയാഴ്ച അറിയിച്ചു. എക്സ്‌പോ സൈറ്റിലേക്കും പുറത്തേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എക്സ്‌പോ റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു ഫ്ളൈഓവറും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ രണ്ട് ഫ്ളൈഓവറുകളുമാണ് അവസാനഘട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് ഇന്റര്‍ചേഞ്ചുകള്‍ക്ക് പുറമേ ഏഴ് കിലോമീറ്റര്‍ നീളമുള്ള പാലങ്ങളും 43 കിലോമീറ്റര്‍ നീളമുള്ള റോഡുകളും ഉള്‍പ്പെട്ടിരുന്നു.
ഇതോടെ എക്സ്‌പോ സൈറ്റിലേക്ക് നയിക്കുന്ന എല്ലാഘട്ട റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആര്‍.ടി.എ. പൂര്‍ത്തിയാക്കി കഴിഞ്ഞു.
എക്സ്‌പോയ്ക്ക് മുന്നോടിയായി റോഡുകളും ഗതാഗത ശൃംഖലകളും വികസിപ്പിക്കുന്നതിനായി യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസൃതമാണ് പദ്ധതി. എക്സ്‌പോ സന്ദര്‍ശകര്‍ക്ക് സുഗമമായ സേവനം നല്‍കുകയാണ് ലക്ഷ്യം. എല്ലാ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ആറ് ഘട്ടങ്ങളായി ആയിരുന്നു പദ്ധതികളെ തിരിച്ചിരുന്നതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.

COMMENTS