ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കില്ലെന്ന പ്രമേയം ബിഹാര്‍ അസംബ്ലിയില്‍ പാസായി. പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് എന്‍.ആര്‍.സിയെ...
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കില്ലെന്ന പ്രമേയം ബിഹാര്‍ അസംബ്ലിയില്‍ പാസായി. പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് എന്‍.ആര്‍.സിയെ 'കരിനിയമം' എന്നു വിശേഷിപ്പിച്ചതിനെതിരെ ബിജെ.പി അംഗങ്ങള്‍ ബഹളമുണ്ടാക്കിയെങ്കിലും പ്രമേയം വിധാന്‍ സഭയില്‍ ഐകകണ്‌ഠ്യേന പാസാവുകയായിരുന്നു. ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടത് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ബി.ജെ.പി വിട്ടുനിന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) 2010-ലെ വ്യവസ്ഥകള്‍ പ്രകാരം നടപ്പാക്കാനുള്ള പ്രമേയവും അസംബ്ലി പാസാക്കി.
ബജറ്റ് സെഷന്റെ രണ്ടാംദിനത്തില്‍ വിധാന്‍സഭ ചേര്‍ന്ന ഉടന്‍ തന്നെ, എന്‍.ആര്‍.സിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന പ്രമേയം ചര്‍ച്ചക്കെടുക്കണമെന്ന് തേജശ്വി യാദവ് ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സഭ 15 മിനുട്ട് നിര്‍ത്തിവെച്ചു. സഭ വീണ്ടും തുടങ്ങിയപ്പോഴാണ് എന്‍.ആര്‍.സിയെ തേജശ്വി കരിനിയമം എന്നു വിളിച്ചത്. രാജ്യത്തിന്റെ നിയമത്തെ അവഹേളിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ വീണ്ടും സഭ നിര്‍ത്തിവെക്കേണ്ടി വന്നു.
എന്‍.പി.ആര്‍ വിഷയത്തില്‍ ജെ.ഡി.യു ജനങ്ങളെ വഞ്ചിക്കുകയാണെന്നും 2010 മാതൃകയില്‍ മാത്രമേ എന്‍.പി.ആര്‍ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറപ്പുനല്‍കണമെന്നും തേജശ്വി യാദവ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇതിനുശേഷം സമ്മേളിച്ചപ്പോഴാണ് എന്‍.ആര്‍.സി വിരുദ്ധ പ്രമേയം ചര്‍ച്ച ചെയ്ത് ഐകകണ്‌ഠ്യേന പാസാക്കിയത്.
എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയത്തില്‍ ഒരിഞ്ചുപോലും അനങ്ങില്ലെന്ന് പറഞ്ഞിരുന്ന ബി.ജെ.പിയെ തങ്ങള്‍ ആയിരം കിലോമീറ്റര്‍ നീക്കിയെന്നും ഭരണഘടനയില്‍ വിശ്വസിക്കുന്ന തങ്ങള്‍ എന്‍.ആര്‍.സിയെയും എന്‍.പി.ആറിനെയും അംഗീകരിക്കില്ലെന്നും തേജശ്വി യാദവ് പറഞ്ഞു.
തേജശ്വി യാദവ്'ബിഹാറില്‍ എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പിലാക്കരുതെന്ന ഞങ്ങളുടെ ആവശ്യപ്രകാരമുള്ള പ്രമേയം വിധാന്‍ സഭ ഏകകണ്‌ഠേന പാസാക്കി. ഒരിഞ്ചുപോലും അനങ്ങില്ലെന്ന് പറഞ്ഞിരുന്ന ബി.ജെ.പിയെ ആയിരം കിലോമീറ്റര്‍ ഞങ്ങള്‍ നീക്കി. ബി.ജെ.പിക്കാര്‍ക്ക് നെറ്റിയില്‍ കൈവെച്ച് നോക്കിയിരിക്കേണ്ടിവന്നു. ഭരണഘടനയെ ബഹുമാനിക്കുന്ന ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമവും നടപ്പാക്കാന്‍ അനുവദിക്കില്ല'

COMMENTS