പയ്യന്നൂര്‍: കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവം സമാപിച്ചതിന് പിന്നാലെ ഭാരവാഹികളുടെ വീടിനും വാഹനങ്ങള്‍ക...
പയ്യന്നൂര്‍: കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവം സമാപിച്ചതിന് പിന്നാലെ ഭാരവാഹികളുടെ വീടിനും വാഹനങ്ങള്‍ക്കുമെതിരെ നടന്ന അക്രമത്തില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്‌തു. കാറമേല്‍ സ്വദേശികളായ ചുമട്ടുതൊഴിലാളി ടി ശ്രീജിത് (38), ഓട്ടോ ഡ്രൈവര്‍ കെ രജീഷ്(28) എന്നിവരാണ് അറസ്റ്റിലായത്.പെരുങ്കളിയാട്ടംക്രമസമാധാന കമ്മിറ്റി കണ്‍വീനറായ ചന്തേര പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ പി സുരേഷ് ബാബുവിന്റെ പയ്യന്നൂര്‍ മൂരിക്കൊവ്വലിലുള്ള വീടിന് നേരെ കല്ലെറിയുകയും, പ്രവാസി കമ്മിറ്റി കണ്‍വീനര്‍ വെള്ളൂര്‍ രാമന്‍ കുളത്തിന് സമീപത്തെ കെ കെ ഗണേശന്റെ പതിനൊന്ന് വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. രണ്ട് പരാതികളിലായി രണ്ട് കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ പൊലീസ് ഇന്‍സ്‌പെക്‌ടറുടെ വീട് ആക്രമിച്ച കേസിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. രണ്ടിടങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. രണ്ടിടത്തും മുഖംമൂടി ധരിച്ച് എത്തിയ രണ്ടംഗസംഘമാണ് ആക്രമം നടത്തിയതെന്ന് സി സി ടി വി ദൃശ്യത്തില്‍ തെളിഞ്ഞിരുന്നു.പൊലീസ് ഇന്‍സ്‌പെക്‌ടറുടെ വീടാണ് ആദ്യം ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ഗേറ്റിന് മുമ്പില്‍ നില്‍ക്കുകയും മറ്റൊരാള്‍ വീടിന് മുന്നിലേക്ക് വന്ന് കല്ലെറിയുന്നതുമാണ് സി സി ടി വി ദൃശ്യത്തിലുള്ളത്. ഗണേശന്റെ യൂസ്‌ഡ് കാര്‍ വില്‍പ്പന കേന്ദ്രത്തില്‍ മുഖംമൂടി അണിഞ്ഞ് എത്തിയ രണ്ടംഗ സംഘം കടയുടെ പിന്നിലൂടെ കടന്നുവെന്നാണ് പട്ടിക ഉപയോഗിച്ച് കാറുകള്‍ അടിച്ചു തകര്‍ത്തത്. ഈ ദൃശ്യവും വ്യക്തമായി സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പെരുങ്കളിയാട്ട സമാപന സമയത്ത് ക്ഷേത്ര മതിലിനകത്ത് ചില വളണ്ടിയര്‍മാരും കലവറ വാല്യക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കാന്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സുരേഷ് ബാബുവും ഗണേശനും ഇടപെട്ടിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

COMMENTS