പഴയന്നൂർ (തൃശൂർ): കാണാതായ ഫുട്ബാൾ കണ്ടെത്തിത്തരണം; പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ അഞ്ചാം ക്ലാസുകാരെൻറ സങ്ക...
പഴയന്നൂർ (തൃശൂർ): കാണാതായ ഫുട്ബാൾ കണ്ടെത്തിത്തരണം; പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ അഞ്ചാം ക്ലാസുകാരെൻറ സങ്കടപ്പരാതി. അമ്മയുടെ ഫോൺ ഉപയോഗിച്ച് ഇൻറർനെറ്റിൽ പരതിയാണ് കോടത്തൂർ കോണംപ്ലാക്കൽ സുധീഷിെൻറ മകൻ പത്തു വയസ്സുകാരൻ അതുൽ പഴയന്നൂർ പൊലീസ് സ്റ്റേഷെൻറ നമ്പർ കണ്ടെത്തിയത്. മകൻ ഫോണിൽ ആരോടോ പരാതി പറയുന്നത് കേട്ടാണ് അമ്മ പ്രിയ ശ്രദ്ധിച്ചത്.
പൊലീസ് സ്റ്റേഷനിലേക്കാണെന്ന് അറിഞ്ഞപ്പോൾ പ്രിയയുടെ ഉള്ളൊന്ന് കാളി. മകന് വളരെ പ്രിയപ്പെട്ട ഫുട്ബാളാണ് രണ്ടുദിവസം മുമ്പ് കാണാതായത്. അതിെൻറ വിഷമത്തിൽ വിളിച്ചതാണെന്നും ക്ഷമിക്കണമെന്നും അവർ ഫോൺ വാങ്ങി പൊലീസിനെ അറിയിച്ചു. സാരമില്ലെന്നറിയിച്ച പൊലീസ് പകരം ഫുട്ബാൾ വാങ്ങിത്തരാമെന്ന് പറഞ്ഞെങ്കിലും അതുൽ വഴങ്ങിയില്ല.
തെൻറ പ്രിയപ്പെട്ട ഫുട്ബാൾ തന്നെ വേണം. രണ്ടു ദിവസമായി മകൻ വലിയ വിഷമത്തിലാണെന്നും പ്രിയ അറിയിച്ചു. ഒടുവിൽ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് അന്വേഷണം ഏറ്റെടുത്തു. അതുലിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അനിയത്തി ആത്മജയെ ആശുപത്രിയിൽ കാണിക്കാൻ കുടുംബസമേതം പോയ സമയത്ത് മുറ്റത്തുനിന്നാണ് ഫുട്ബാൾ കാണാതായത്. അടുത്ത വീട്ടിലെ ഏഴാം ക്ലാസുകാരൻ ഫുട്ബാൾ എടുത്തവരെക്കുറിച്ച് സൂചനയും നൽകി.
അന്വേഷണത്തിനിടെ അതുൽ രണ്ടുതവണ സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഫുട്ബാൾ കണ്ടെത്തുമെന്ന് പൊലീസ് ഉറപ്പ് നൽകി ആശ്വസിപ്പിച്ചു.
ഒടുവിൽ സമീപത്തെ ഗ്രൗണ്ടിൽ കളിക്കാൻ വന്ന മുതിർന്ന കുട്ടികളാണ് ഫുട്ബാൾ എടുത്തതെന്ന് കണ്ടെത്തി. അതുലിെൻറ പ്രിയപ്പെട്ട ഫുട്ബാൾ പൊലീസ് തിരികെ നൽകി. ഇതോടെ കൊച്ചു പരാതിക്കാരെൻറ എഫ്.ഐ.ആർ രേഖപ്പെടുത്താതെ ആരംഭിച്ച കേസിന് ശുഭാന്ത്യമായി. എ.എസ്.ഐ പ്രദീപ്കുമാറിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഏത് പരാതിയും പൊലീസിന് ഒരുപോലെയാണെന്നും പരാതിക്കാരെൻറ സങ്കടം തീർന്നതിൽ സന്തോഷമുണ്ടെന്നും സി.ഐ മഹേന്ദ്ര സിംഹനും എസ്.ഐ ജയപ്രദീപും അറിയിച്ചു.

COMMENTS