കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധ സംശയിച്ച് ജില്ലയിൽനിന്ന് സാമ്പിളയച്ച 19 പേരിൽ നേരത്തേ പോസിറ്റീവായി കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥിയൊഴികെ 18 പേരുട...
കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധ സംശയിച്ച് ജില്ലയിൽനിന്ന് സാമ്പിളയച്ച 19 പേരിൽ നേരത്തേ പോസിറ്റീവായി കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥിയൊഴികെ 18 പേരുടെ ഫലവും നെഗറ്റീവാണെന്ന റിപ്പോർട്ട് വന്നു.
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച വനിതാ ആയുർവേദ ഡോക്ടർക്കും വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ.ടി.മനോജ് അറിയിച്ചു. കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു മെഡിക്കൽ വിദ്യാർഥിനികളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു. അതിനിടെ വെള്ളിയാഴ്ച ഒരു മെഡിക്കൽ വിദ്യാർഥിനിയെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഈ വിദ്യാർഥിനിയുടേതുൾപ്പെടെ മൂന്നുപേരുടെ സാമ്പിൾകൂടി ആലപ്പുഴ ലാബിലേക്കയച്ചിരിക്കുകയാണ്. ആസ്പത്രിയിലും വീടുകളിലുമായി കഴിയുന്ന 99 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ കൺട്രോൾ റൂമിലെ 9946000493 എന്ന ഫോൺ നമ്പറിൽ വിളിച്ചറിയിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കൊറോണ വൈറസ്: അവലോകനയോഗം നാളെ
കാസർകോട്: ജില്ലയിലെ കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി നടത്തുന്ന യോഗം ഞായറാഴ്ച നടക്കും. രാവിലെ 11-ന് ഹൊസ്ദുർഗ് താലൂക്ക് കോൺഫറൻസ് ഹാളിലാണ് പരിപാടി. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ.ചന്ദ്രശേഖരൻ എന്നിവർ സംബന്ധിക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിക്കണമെന്ന് കളക്ടർ അറിയിച്ചു.

COMMENTS