ദില്ലി: രാജ്യ തലസ്ഥാനത്ത് കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാ...
ദില്ലി: രാജ്യ തലസ്ഥാനത്ത് കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യാത്ത നടപടി വിദ്വേഷ പ്രസംഗത്തിന് പ്രോത്സാഹനം നല്‍കുന്നതാണെന്നും അവര്‍ ആരോപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഷാഹീന്‍ ബാഗില്‍ മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധമാണ് നടന്നു വന്നിരുന്നത്. പ്രകോപനപരമായ ഒന്നും തന്നെ പ്രതിഷേധക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രിക്കെഴുതിയ കത്തില്‍ ബൃന്ദ വ്യക്തമാക്കി.
കപില്‍ മിശ്രയ്ക്കെതിരെ നടപടി എടുക്കാതിരുന്നാല്‍ മത സൗഹാര്‍ദത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഇനിയും ഉണ്ടാകാന്‍ ഇടയാകുമെന്നും കത്തില്‍ ബൃന്ദ കരാട്ട് വ്യക്തമാക്കുന്നു.
കപില്‍ മിശ്രക്കെതിരെ ഗൗതം ഗംഭീറും
നേരത്തെ ബിജെപി എംപി ഗൗതം ഗംഭീറും കപില്‍ മിശ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ദല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ചാണ് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയത്.
വിവാദ പ്രസ്താവന
മൂന്ന് ദിവസത്തെ സമയം തരും. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. അത് ഞങ്ങള്‍ കേട്ടുനില്‍ക്കില്ല. മൂന്ന് ദിവസമാണ് മുന്നിലുള്ളതെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. അക്രമത്തിന് ശേഷവും പറഞ്ഞതില്‍ ഖേദിക്കുന്നില്ല എന്ന നിലപാടാണ് കപില്‍ മിശ്ര സ്വീകരിച്ചിരിക്കുന്നത്.
മരിച്ചവരുടെ എണ്ണം 18 ആയി
അതേസമയം രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ്‌എന്‍ ശ്രീവാസ്തവയെ നിയമിച്ചു. . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവല്‍ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുന്നു
വടക്കു കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരേധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡലഹിയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം വിലയിരുത്തുന്നതിനായി ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ, എകെ ആന്റണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം രാഹുല്‍ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നില്ല.

COMMENTS