ചീമേനി: മലയോര-തീരദേശ ഹൈവേകളുമായി ബന്ധിപ്പിക്കുന്ന 98 കോടിരൂപയുടെ നീളമേറിയ റോഡ് ഉള്‍പ്പെടെ തൃക്കരിപ്പൂര്‍ ന...
ചീമേനി: മലയോര-തീരദേശ ഹൈവേകളുമായി ബന്ധിപ്പിക്കുന്ന 98 കോടിരൂപയുടെ നീളമേറിയ റോഡ് ഉള്‍പ്പെടെ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ 118 കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്നതായും ഇവയുടെ ഉദ്ഘാടനം 27ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിര്‍വഹിക്കുമെന്ന് എം. രാജഗോപാലന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപയില്‍ നിര്‍മിച്ച നീലേശ്വരം-കോട്ടപ്പുറം-ചെറുവത്തൂര്‍ റോഡ്, 12 കോടി രൂപയില്‍ നിര്‍മിക്കുന്ന അച്ചാംതുരുത്തി-ആറില്‍ക്കടവ് പാലം, 98.05 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. ഇതോടെ 118.05 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാവുക. നീലേശ്വരം-കോട്ടപ്പുറം-ചെറുവത്തൂര്‍ റോഡ് ഉദ്ഘാടനവും ആറില്‍ക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനവും വൈകുന്നേരം അഞ്ചിന് എരിഞ്ഞിക്കീല്‍ പാലം പരിസരത്ത് മന്ത്രി നിര്‍വഹിക്കും.
വൈകുന്നേരം ആറിന് ചീമേനിയിലാണ് ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടക്കുക. കോട്ടപ്പുറം പാലം മുതല്‍ ചെറുവത്തൂര്‍ കുഴിഞ്ഞടി വരെ 5.5 മീറ്റര്‍ വീതിയിലും മടക്കര ടൗണില്‍ 14 മീറ്റര്‍ വീതിയിലുമാണ് മെക്കാഡം ടാര്‍ റോഡും അനുബന്ധ ഡ്രെയിനേജ് സംവിധാനവും ഒരുക്കിയത്. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിനായി 12 കോടി രൂപ അനുവദിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തത്. 7.5 മീറ്റര്‍ വീതിയില്‍ 67 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുക.
രണ്ട് കിലോമീറ്റര്‍ അപ്രോച്ച് റോഡും ഒരുക്കും. മണ്ഡലത്തിലെ ബൃഹദ് പദ്ധതിയാണ് ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡ്. ഉന്നതനിലവാരത്തിലുള്ള ഡെന്‍സ് ബിറ്റുമിനൈസ് മെക്കാഡം ടാറിംഗ് രീതിയില്‍ ഏഴുമീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുക. ഞാണങ്കൈയില്‍ നിന്ന് ആരംഭിച്ചു ഭീമനടിയില്‍ അവസാനിക്കുന്ന 50.378 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ നിലവിലുള്ള കലുങ്കുകള്‍ വീതിവര്ധിപ്പിക്കുകയും പുതുതായി 42 എണ്ണം നിര്‍മിക്കുകയും ചെയ്യും.
48 കിലോമീറ്റര്‍ നീളത്തില്‍ ഡ്രെയിനേജും ഒരുക്കും. വലിയ കയറ്റങ്ങള്‍ കുറച്ചും എല്ലാ സുരക്ഷാസംവിധാനത്തോടും കൂടി മലയോര ഹൈവേയുമായും തീരദേശ ഹൈവേയുമായും ബന്ധിപ്പിക്കുന്ന റോഡാണിത്.
98.05 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡ് കിഫ്ബി വഴി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഏറ്റവും വലുതും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. എംഎല്‍എക്കൊപ്പം ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, കെ. സുധാകരന്, കയനി കുഞ്ഞിക്കണ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

COMMENTS