പെരുമ്പട്ട:പ്രാചീനകാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം ഐക്യം ഊട്ടിയുറപ്പിക്കാൻ തെയ്യത്തിന്റെ പള്ളി സന്ദർശനം. പെരുമ്പട്ട താഴെത്തടം പാടാർകുള...
പെരുമ്പട്ട:പ്രാചീനകാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം ഐക്യം ഊട്ടിയുറപ്പിക്കാൻ തെയ്യത്തിന്റെ പള്ളി സന്ദർശനം. പെരുമ്പട്ട താഴെത്തടം പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ചു കെട്ടിയാടിയ വിഷ്ണുമൂർത്തി തെയ്യമാണ് സമാപനദിവസമായ തിങ്കളാഴ്ച പള്ളിയങ്കണത്തിലെത്തിയത്. അസറ്‌് ബാങ്കിന് തൊട്ടുമുമ്പാണ് താലപ്പൊലിയും മുത്തുക്കുടകളുമായി ക്ഷേത്രവാല്യക്കാരോടൊപ്പം തെയ്യം ജുമാമസ്ജിദിൽ എത്തിയത്.
പള്ളി കമ്മിറ്റി ഭാരവാഹികളായ എ.വി.അബ്ദുൽഖാദർ, ഒ.ടി.അബൂബക്കർ, പി.കെ.ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അസറ്് ബാങ്ക് വിളി ഉയർന്നു. പള്ളിയും പള്ളിയറയും പുഷ്പത്തിന്റെ ദളങ്ങൾപോലെയാണെന്നു ദശാബ്ദങ്ങളായി നിലനിൽക്കുന്ന സാഹോദര്യം നിലനിർത്തണമെന്നും ഒത്തുകൂടിയ ഇരുവിഭാഗത്തെയും ഓർമിപ്പിച്ചു. തന്റെ കണ്ണിനും കാതിനും ആനന്ദം നൽകുന്ന പള്ളിയിലെ ബാങ്കും നിസ്കാരവും നിലനിർത്താൻ മുസ്‌ലിം സഹോദരന്മാരെ ഓർമിപ്പിക്കാനും തെയ്യം മറന്നില്ല.
തുടർന്ന് പള്ളിക്കമ്മിറ്റി തെയ്യത്തിനു കാണിക്കയർപ്പിച്ചു. സന്തോഷസൂചകമായിപള്ളിയധികാരികൾക്കു തെയ്യം ഇളനീർ നൽകി. തെയ്യത്തിന്റെ പള്ളി സന്ദർശനം കാണാൻ നൂറുകണക്കിന് ഭക്തരാണ് പള്ളിയങ്കണത്തിൽ ഒത്തുകൂടിയത്. പള്ളിപ്പരിസരത്ത് എത്തിച്ചേർന്ന മുഴവനാളുകൾക്കും മുസ്‌ലിം യുവാക്കൾ മധുരപാനീയം വിതരണം ചെയ്തു.

COMMENTS