കൊണ്ടോട്ടി∙ കരിപ്പൂരിൽ വിമാനമിറങ്ങി ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുകയായിരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ 4 പേ...
കൊണ്ടോട്ടി∙ കരിപ്പൂരിൽ വിമാനമിറങ്ങി ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുകയായിരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ 4 പേർകൂടി പിടിയിലായി. ഓട്ടോ തടയാൻ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു. കോഴിക്കോട് കാരപ്പറമ്പ സ്വദേശി പി.ഹൈനേഷ് (31), അത്തോളി സ്വദേശി നിജിൽ രാജ് (26), വെസ്റ്റ്ഹിൽ അത്താണിക്കൽ സുദർശ് (22), ബേപ്പൂർ സൗത്ത് സ്വദേശി ഹരിശങ്കർ (19) എന്നിവരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി സ്വദേശി റഷീദ് (33) നേരത്തേ പിടിയിലായിരുന്നു. ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കർണാടക സ്വദേശിയായ അബ്ദുൽ നാസർ ഷംസാദ് (25) ആണു പരാതിക്കാരൻ.
ഇക്കഴിഞ്ഞ 8ന് പുലർച്ചെ ദേശീയപാതയിൽ കൊട്ടപ്പുറത്തിനു സമീപം ഓട്ടോ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി പണവും മറ്റും കവർച്ച ചെയ്യുകയായിരുന്നു എന്നാണു കേസ്. സ്വർണം കടത്തിക്കൊണ്ടുവന്ന ആൾ എന്നു തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോയതാകാമെന്നാണു പൊലീസ് സംശയിക്കുന്നത്. വിവരം കൈമാറൽ, ആസൂത്രണം, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്കായി 3 സംഘം പ്രവർത്തിച്ചതായും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സിഐ എൻ.ബി.ഷൈജു, എസ്ഐ വിനോദ് വലിയാട്ടൂർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കെ.അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പൊലീസ് ഉദ്യോഗസ്ഥരായ പി.സഞ്ജീവ്, പ്രശാന്ത്, പമിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

COMMENTS