കൊണ്ടോട്ടി- കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗള്‍ഫ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസില്‍ മറ്റു പ്രതികളെ തേടി പോലീസ് അന്വേഷണസംഘം കര്‍...
കൊണ്ടോട്ടി- കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗള്‍ഫ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസില്‍ മറ്റു പ്രതികളെ തേടി പോലീസ് അന്വേഷണസംഘം കര്‍ണാടകയിലേക്ക്. കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ ദുബായ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കര്‍ണാടകയിലെ ദക്ഷിണ കാനറ സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെ (23) കൊള്ളയടിച്ച കേസിന്റെ തുടര്‍ അന്വേഷണമാണ് കര്‍ണാടക കേന്ദ്രീകരിച്ച് നടത്തുന്നത്. കേസില്‍ ആറ് പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അഞ്ച് പേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബോധ്യമായത്. ഇവര്‍ മംഗലാപുരം, കാസര്‍ക്കോട് ഭാഗങ്ങളിലാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരന്‍ ഹൈനേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായുള്ള പ്രതികളെ കവര്‍ച്ചക്കായി ഏകോപിപ്പിച്ചത് അറസ്റ്റിലായ ഹൈനേഷായിരുന്നു. ഇയാളുടെ നിര്‍ദേശത്തില്‍ അറസ്റ്റിലായ മറ്റൊരു പ്രതി താനൂര്‍ സ്വദേശി ഇ.പി.അറാഫത്ത് (30) ആണ് കൃത്യം നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. ഹൈനേഷിന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് കര്‍ണാടക-കാസര്‍കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘമാണ്. ഇവരെ പിടികൂടാനാണ് സംഘം കര്‍ണാടകയിലേക്ക് തിരിച്ചത്.
അതെ സമയം അക്രമത്തിന് ഇരയായ യാത്രക്കാരന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കരിപ്പൂരില്‍ നിന്ന് കാസര്‍കോട് സ്വദേശിയോടൊപ്പം ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കൊട്ടപ്പുറത്തിന് സമീപം രണ്ടു പേര്‍ ബൈക്കിലെത്തിയാണ് ഷംസാദിനെ തടഞ്ഞു നിര്‍ത്തി പിറകിലെത്തിയ ക്രൂയിസര്‍ ട്രക്കിലെത്തിയ ഏഴുപേര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കൈയിലുണ്ടായിരുന്ന സാധനങ്ങള്‍ കവര്‍ന്നത്. എ.ടി.എം കാര്‍ഡ് കൈക്കലാക്കി 23,000 രൂപയും 100 ദിര്‍ഹവും കവര്‍ന്ന സംഘം സ്വര്‍ണം അന്വേഷിച്ച് യുവാവിനെ കടലുണ്ടി പാലത്തിന് സമീപമെത്തിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്.

COMMENTS