തിരുവനന്തപുരം: കേരളം നടപ്പാക്കിയ സൗജന്യ സ്കൂള്‍യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്...
തിരുവനന്തപുരം: കേരളം നടപ്പാക്കിയ സൗജന്യ സ്കൂള്‍യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയം ഇവര്‍ക്കെല്ലാം കത്തെഴുതി.
ഓരോ സംസ്ഥാനത്തിലെയും കൈത്തറി ഡയറക്ടര്‍മാര്‍ക്കാണ് ഫെബ്രുവരി 11-നു കത്തയച്ചത്. കൈത്തറിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി നേരത്തേ കേരളത്തിലെത്തി യൂണിഫോം പദ്ധതി വിലയിരുത്തിയിരുന്നു.
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലിനല്‍കാനും മെച്ചപ്പെട്ട കൂലിനല്‍കാനും കേരളത്തിനു സാധിച്ചെന്ന് ടെക്‌സ്റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൈത്തറിത്തൊഴിലാളികള്‍ക്ക് മിനിമംകൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിയ പഠന റിപ്പോര്‍ട്ടും കത്തിനൊപ്പമുണ്ട്.
പ്രതിസന്ധിയിലായിരുന്ന കൈത്തറി മേഖലയെ വീണ്ടെടുക്കാനാണ് വ്യവസായവകുപ്പ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. നെയ്ത്തുകാര്‍ക്ക് നൂലും കൂലിയും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്. തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലിയും വര്‍ഷം മുഴുവന്‍ ജോലിയും ലഭിക്കാന്‍ ഇത് സഹായിച്ചു.
മൂന്നുവര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി 70 ലക്ഷം മീറ്റര്‍ തുണി വിതരണംചെയ്തു. അടുത്ത അധ്യയനവര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്യും. 2020 ഏപ്രില്‍ ഒന്നിനുതുടങ്ങി മേയ് 15-നു മുമ്ബ് വിതരണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നുമുതല്‍ ഏഴുവരെയും എയ്ഡഡ് സ്കൂളുകളില്‍ ഒന്നുമുതല്‍ നാലുവരെയുമുള്ള 8.45 ലക്ഷം കുട്ടികള്‍ക്കും ഇതേ ക്ലാസുകളില്‍ പുതുതായി എത്തുന്ന ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കുമാണ് അടുത്തവര്‍ഷം തുണി ലഭ്യമാക്കുക. ഇതില്‍ 90 ശതമാനം നെയ്തുകഴിഞ്ഞു.

COMMENTS