കൊണ്ടോട്ടി: സ്വര്‍ണക്കടത്തുകാരനെന്ന് സംശയിച്ച് ഷാര്‍ജയില്‍നിന്നെത്തിയ കര്‍ണാടകസ്വദേശിയെ ഒമ്പതംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കവര്‍ച്ചക്ക...
കൊണ്ടോട്ടി: സ്വര്‍ണക്കടത്തുകാരനെന്ന് സംശയിച്ച് ഷാര്‍ജയില്‍നിന്നെത്തിയ കര്‍ണാടകസ്വദേശിയെ ഒമ്പതംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കവര്‍ച്ചക്കിരയാക്കി. ദക്ഷിണ കന്നട എബ്ലംഗുഡ്ഡ സ്വദേശി അബ്ദുള്‍നാസര്‍ ഷംസാദി (24) നെയാണ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. ഓട്ടോയിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ മറ്റൊരു യാത്രക്കാരന്റെ സാധനങ്ങളും കവര്‍ന്നിട്ടുണ്ട്്.
ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് കാസര്‍കോട് സ്വദേശിയായ മറ്റൊരാളെയും കൂട്ടി കോഴിക്കോട്ടേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. കൊട്ടപ്പുറത്തിന് സമീപം തലേക്കരയിലെത്തിയപ്പോള്‍ ബൈക്ക് കുറുകെയിട്ട് രണ്ടുപേര്‍ ഓട്ടോ നിര്‍ത്തിച്ചു. ഈ സമയം ഓട്ടോയ്ക്കുപിറകില്‍ കാര്‍ വന്നുനിന്നു. ഓട്ടോ ഡ്രൈവറുടെയും ഷംസാദിന്റെയും കാസര്‍കോട് സ്വദേശിയുടെയും മുഖത്ത് മുളകുപൊടി വിതറിയശേഷം സംഘം ഷംസാദിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി. ഷംസാദിന്റെയും സഹയാത്രക്കാരന്റെയും ബാഗുകള്‍ സംഘം തട്ടിയെടുത്തു.
ഏഴുപേര്‍ വാഹനത്തിലുണ്ടായിരുന്നു. കൊണ്ടുവന്ന സാധനമെവിടെയെന്നന്വേഷിച്ച് വാഹനത്തില്‍െവച്ചു മര്‍ദിച്ചശേഷം കടലുണ്ടി ഭാഗത്ത് കൊണ്ടുപോയി വിശദമായി ദേഹപരിശോധന നടത്തിയെന്ന് യുവാവ് പറഞ്ഞു. കൈയിലുണ്ടായിരുന്ന 4000 രൂപ, 100 ദിര്‍ഹം, എ.ടി.എം. കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കൈക്കലാക്കിയശേഷം സംഘം യുവാവിനെ യൂണിവേഴ്സിറ്റി ഭാഗത്ത് ഉപേക്ഷിച്ചു. കൊണ്ടോട്ടി സ്‌റ്റേഷനിലെത്തി യുവാവ് പരാതി നല്‍കി. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.

COMMENTS