കാസർകോട് ലൈഫ് മിഷൻ പദ്ധതിയിൽ ഭവനരഹിതർക്ക് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള നടപടി ജില്ലയിൽ പുരോഗമിക്കുന്നു. ചെമ്മനാട് പഞ്ചായത്തിലെ ...
ലൈഫ് മിഷൻ പദ്ധതിയിൽ ഭവനരഹിതർക്ക് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള നടപടി ജില്ലയിൽ പുരോഗമിക്കുന്നു. ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാലിൽ ഫ്ളാറ്റ് നിർമാണത്തിന് ടെണ്ടർ നടപടി പൂർത്തിയായി. നീലേശ്വരം നഗരസഭയിൽ കോട്ടപ്പുറത്ത് 50സെന്റ് സ്ഥലത്ത് രണ്ടാമത്തെ ഭവനസമുച്ചയ നിർമാണത്തിന് പ്രാരംഭനടപടി തുടങ്ങി. ഇതിനു പുറമെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അനുയോജ്യമായ സ്ഥല പരിശോധന പൂർത്തിയാക്കി.
ജില്ലയിൽ ഭൂരഹിത ഭവന രഹിതരായ 12,081 പേരാണ് ലിസ്റ്റിൽ ഉള്ളത്. 8751 ഗുണഭോക്താക്കളുടെ അർഹത പരിശോധിച്ചതിൽ 455 പേരെ രണ്ടാംഘട്ടത്തിലേക്ക് മാറ്റുകയും 2730 പേർ മൂന്നാം ഘട്ടത്തിലേക്ക് അർഹരായതായും കണ്ടെത്തി.
ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ 7903 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകിയത്. ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം 143.08 കോടി രൂപ ഗുണഭോക്താക്കൾക്ക് കൈമാറി.
ആദ്യഘട്ടത്തിൽ 2881 വീടുകളും രണ്ടാം ഘട്ടത്തിൽ 2873 വീടുകളും ലൈഫ്-പിഎംഎവൈ റൂറൽ വിഭാഗത്തിൽ 566 വീടുകളും ലൈഫ് അർബൻ വിഭാഗത്തിൽ 1098ഉം വിവിധ സർക്കാർ വകുപ്പുകളുടെ കീഴിൽ 485 ലൈഫ് ഭവനങ്ങളുമാണ് നിർമാണം പൂർത്തിയാക്കിയത്. പരപ്പ ബ്ലോക്കിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ലൈഫ് ഭവനങ്ങളുള്ളത്. 1886 വീടുകൾ.

COMMENTS