ചെർക്കള ∙ ട്രാഫിക് സർക്കിൾ ഉദ്ഘാടനത്തിന്റെ ശിലാഫലകം സർക്കിളിനുള്ളിൽ സ്ഥാപിക്കാതെ മറ്റൊരു സ്ഥലത്ത് വച്ചതിൽ ക്ഷുഭിതനായി മന്ത്രി ജി. സുധാകരൻ....
ചെർക്കള ∙ ട്രാഫിക് സർക്കിൾ ഉദ്ഘാടനത്തിന്റെ ശിലാഫലകം സർക്കിളിനുള്ളിൽ സ്ഥാപിക്കാതെ മറ്റൊരു സ്ഥലത്ത് വച്ചതിൽ ക്ഷുഭിതനായി മന്ത്രി ജി. സുധാകരൻ. ഇതിൽ പ്രതിഷേധിച്ച് ഉദ്ഘാടനത്തിനു ശേഷം പ്രസംഗിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു. വേദിയിലേക്ക് കയറാതെ നാട മുറിച്ചാണ് ഉദ്ഘാടനം നടത്തിയത്. പുനർ നിർമിച്ച സർക്കിളിന്റെ ഉദ്ഘാനത്തിനു വേണ്ടത്ര തയാറെടുപ്പില്ലാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. 11 ന് നിശ്ചയിച്ച പരിപാടിക്ക് മഞ്ചേശ്വരം സബ് റജിസ്ട്രാർ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്.
പരിപാടിയുടെ നോട്ടിസ് ചോദിച്ചപ്പോൾ മരാമത്ത് ഉദ്യോഗസ്ഥർ കൈമലർത്തി. നോട്ടിസ് അടിച്ചിട്ടുണ്ടായിരുന്നില്ല. വേദിയുടെ സമീപത്ത് താൽക്കാലിക സ്റ്റാൻഡ് വച്ച് അതിലാണ് ഉദ്ഘാടനത്തിനുള്ള ശിലാഫലകം സ്ഥാപിച്ചിരുന്നത്. ഇത് മന്ത്രിയെ കൂടുതൽ ക്ഷുഭിതനാക്കി. ആര് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ച് ഉദ്യോഗസ്ഥരോട് കയർത്ത അദ്ദേഹം തലയിൽ ആൾതാമസമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നും ചോദിച്ചു. ഒരു റോഡിന്റെ ഉദ്ഘാടനം മറ്റൊരു റോഡിൽ വയ്ക്കുന്നതുപോലെയാണിതെന്ന് മന്ത്രി പറഞ്ഞു.
പരിപാടിക്ക് ശേഷം ഫലകം സർക്കിളിൽ സ്ഥാപിക്കാമെന്ന് പറഞ്ഞ സിപിഎം ലോക്കൽ സെക്രട്ടറി എ.ആർ.ധന്യവാദിനോടും അദ്ദേഹം കയർത്തു. നിങ്ങളാണോ ഇതിനു മറുപടി പറയേണ്ടതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സർക്കിൾ നിർമിച്ചതെന്നും ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. വിനോദ് കുമാർ മുതൽ ഓവർസീയർ വരെയുള്ള ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തിയായിരുന്നു വിമർശനം.
ഇതിനിടെ ഉദ്യോഗസ്ഥർ സർക്കിളിൽ നാട കെട്ടി മുറിക്കാനുള്ള ഏർപ്പാട് ചെയ്തു. അത് മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം സർക്കിളിലൂടെ നടന്ന് എല്ലാം കണ്ട ശേഷം മന്ത്രി മടങ്ങി. എംഎൽഎ മാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, സിപിഎം ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ, മുസ്‍ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള തുടങ്ങിയവർ പങ്കെടുത്തു.

COMMENTS