കാഞ്ഞങ്ങാട് ജില്ലയുടെ കായിക ഭൂപടത്തിൽ ചേർത്തുവെയ്ക്കാൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്...
ജില്ലയുടെ കായിക ഭൂപടത്തിൽ ചേർത്തുവെയ്ക്കാൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകൾ ഫുട്ബാൾ, ഷട്ടിൽ, വോളിബോൾ, ക്രിക്കറ്റ്, കബഡി മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളെ ബ്ലോക്ക് തലത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് പങ്കെടുപ്പിക്കും. ബ്ലോക്ക് തലത്തിലെ മത്സര വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. പതിനഞ്ച് വയസ് മുതലുള്ള കായിക പ്രതിഭകൾക്കാണ്പരിശീലനം.
കളിക്കളങ്ങളുടെ സ്ഥല പരിമിതിയും പരിശീലനത്തിന്റെ അഭാവവും നേരിടുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നത്. സ്കൂൾ- കോളേജ് തലങ്ങളിൽ വിവിധ മത്സരങ്ങൾക്ക് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും പദ്ധതിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി പറഞ്ഞു.
പള്ളിക്കര ചെർക്കപ്പാറയിൽ ഓപ്പൺ സ്റ്റേഡിയം ഒരുങ്ങുന്നു. 40 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തി സംയുക്തമായി നിർമിച്ച സ്റ്റേഡിയം പള്ളിക്കര പഞ്ചായത്തിന്റ അനുമതിയോടെ ഒരുങ്ങുകയാണ്. കായിക മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികൾ മറികടക്കാനുള്ള മാർഗമാണ് ഈ സ്റ്റേഡിയം. രണ്ട് ഏക്കർ സ്ഥലത്ത് പൂർത്തിയാകുന്ന കളിക്കളവും ഗാലറിയും അടങ്ങിയ സ്റ്റേഡിയം അവസാനഘട്ട മിനുക്കു പണികളിലാണ്. 700 പേർക്ക് ഒരേ സമയം മത്സരം ആസ്വദിക്കാവുന്ന തരത്തിലാണ് ഗാലറി. ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്, കബഡി തുടങ്ങിയവ ഇവിടെ സംഘടിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ 2018–-19, 2019–-20 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം പണികഴിപ്പിക്കുന്നത്. ഫെബ്രുവരി അവസാന വാരം പണി പൂർത്തിയാകുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏപ്രിലിൽ നടത്തും. ഓപ്പൺ സ്റ്റേഡിയം പൂർത്തിയാകുന്നതോടെ കായിക കാസർകോടിന്റെ മുഖം മാറുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.

COMMENTS