പെരിയ: കല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടക്കുന്ന അനുസ്‌മരണ പരിപാടിയുടെ പശ്ചാത്തലത്തില്‍ പെരിയയും പരിസരവും ശക്ത...
പെരിയ: കല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടക്കുന്ന അനുസ്‌മരണ പരിപാടിയുടെ പശ്ചാത്തലത്തില്‍ പെരിയയും പരിസരവും ശക്തമായ പൊലീസ് നിരീക്ഷണത്തില്‍. 17ന് നടക്കുന്ന അനുസ്‌മരണ പരിപാടിയിലും 19ന് നടക്കുന്ന പെരിയ റെഡ്‌സ്റ്റാര്‍ ക്ലബ്ബ്, വായനശാല ഉദ്‌ഘാടന പരിപാടിയിലും ജില്ലയിലെ സേനയെ കൂടാതെ മറ്റു ജില്ലകളില്‍ നിന്ന് കൂടുതല്‍ സായുധ പൊലീസിനെ വിന്യസിക്കാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് സന്ധ്യയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലെത്തിയ സംഘം വെട്ടിക്കൊന്നുവെന്നാണ് കേസ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഇപ്പോള്‍ സി ബി ഐയുടെ കൈയിലാണ്. ഇതിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുള്ളതിനാല്‍ സി ബി ഐ കേസ് രേഖകള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല.
ഒന്നാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ഒരു ദിനം മുഴുവന്‍ നടക്കുന്ന അനുസ്‌മരണ പരിപാടികളാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. രാവിലെ കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമം രമ്യാഹരിദാസ് എം പി ഉദ്‌ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. 2.30 ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന ജ്യോതി പ്രയാണവും റാലിയും കെ സുധാകരന്‍ എം പി ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം പെരിയയില്‍ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
ഇരട്ടക്കൊലയെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ പെരിയ ബസാറിലെ ശേഖരന്‍ നായര്‍ സ്‌മാരക മന്ദിരവും വായനശാലയും എ കെ ജി ക്ലബ്ബും തകര്‍ത്തിരുന്നു. പുനര്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെയും വായനശാലയുടെയും ഉദ്‌ഘാടനം 19ന് നടക്കും. സി പി എം നേതാവ് പി ജയരാജന്‍ ഉദ്‌ഘാടനം ചെയ്യും.

COMMENTS