കാഞ്ഞങ്ങാട്:റോഡരികിൽ പോലീസിന്റെയും ആർ.ടി.ഒ.യുടെയും വണ്ടിയില്ലെന്നു കരുതി കുതിച്ചുപായുന്നവർ ശ്രദ്ധിക്കുക. നിങ്ങളെ വീട്ടിലെത്തുമ്പോൾ കാത്തിരിക...
കാഞ്ഞങ്ങാട്:റോഡരികിൽ പോലീസിന്റെയും ആർ.ടി.ഒ.യുടെയും വണ്ടിയില്ലെന്നു കരുതി കുതിച്ചുപായുന്നവർ ശ്രദ്ധിക്കുക. നിങ്ങളെ വീട്ടിലെത്തുമ്പോൾ കാത്തിരിക്കുന്നത് മോട്ടോർവാഹനവകുപ്പിന്റെ നോട്ടീസായിരിക്കും. കാഞ്ഞങ്ങാട് സബ് റീജണൽ ട്രാൻസ്പോർട്ടിന്റെ കീഴിൽ നടത്തിയ ക്യാമറ ഓപ്പറേഷനിൽ ഒന്നരമാസം കൊണ്ട് കുടങ്ങിയവർ പത്തും നൂറുമല്ല.. 1050 പേർ.
കർശനമായ നിയമനടപടികളിലൂടെ റോഡപകടങ്ങൾ കുറയ്ക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. റോഡരികിൽ പലസ്ഥലങ്ങളിലായി മോട്ടേർവാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞവയാണ് 1050 നിയമലംഘനങ്ങളും. കുടുങ്ങിയരിൽനിന്ന സർക്കാരിന് പിഴയിനത്തിൽ കിട്ടിയത് 4,22,000 രൂപയും. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, കൂളിങ്ങ് ഫിലിം ഒട്ടിക്കൽ, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, നിയമാനുസൃതമല്ലാത്ത നമ്പർപ്ലേറ്റ്, മാറ്റിഘടിപ്പിച്ച സൈലൻസറുകൾ തുടങ്ങിയ കുറ്റങ്ങളാണ് ക്യാമറകണ്ണുകൾ ഒപ്പിയെടുത്തത്. വാഹന ഉടമകൾക്ക് നിഷേധിക്കാൻ പറ്റാത്ത ക്യാമറ ഫോട്ടോ അടക്കമുള്ള ഡിജിറ്റലായ തെളിവുകൾ സഹിതം തേർഡ് ഐ എന്ന പ്രത്യേക സോഫ്റ്റ്വേർ വഴി നോട്ടീസയച്ചാണ് കുറ്റക്കാരിൽനിന്ന് പിഴ ഈടാക്കിയത്.
ഏതു സ്ഥലത്തെ ക്യാമറ ഏതുസമയത്താണ് കുറ്റകൃത്യം കണ്ടെത്തിയത് തുടങ്ങിയ കൃത്യമായ കാര്യങ്ങളും നോട്ടീസിലുണ്ടാകും. കൂടാതെ 'താങ്കളുടെ ജീവൻ വളരെ വിലപ്പെട്ടതാണ്. സുരക്ഷിതമായി റോഡ് ഉപയോഗിക്കൂ' എന്ന സന്ദേശവും നോട്ടീസിൽ വലുതായിതന്നെ എഴുതിച്ചേർത്തിട്ടുമുണ്ട്.
ഒഴിഞ്ഞുമാറുന്നവർക്ക് രേഖകളില്ല
സാധാരണ നടക്കുന്ന വാഹനപരിശോധനയിൽനിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറി പോകുന്നവരാണ് കൂടുതലും ക്യാമറയിൽ കുടുങ്ങിയത്. അതുകൊണ്ടുതന്നെ നോട്ടീസ് അയച്ച കൂടുതൽ വാഹനങ്ങളുടെയും രേഖകൾ കാലാവധി തീർന്നവയായിരുന്നു. നിശ്ചിത കാലാവധിക്ക് രേഖകൾ പുതുക്കാതെ ഒളിച്ചുകഴിയുന്നവരാണ് ഇക്കൂട്ടർ. കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ. എച്ച്.എസ്.ചഗ്ലയുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.അനിൽകുമാർ, കെ.ആർ.പ്രസാദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.രമേശൻ, സി.എ.പ്രദീപ്കുമാർ, സജി ജോസഫ് എന്നിവരാണ് ക്യാമറ ഓപ്പറേഷൻ നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനമെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു.

COMMENTS