കോഴിക്കോട്: ഈ മാസം രണ്ടു ട്രെയിനുകളിൽ നടന്ന കവർച്ചകളുമായി ബന്ധപ്പെട്ടു റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് നാലു വർഷം മുൻപു ട്ര...
കോഴിക്കോട്: ഈ മാസം രണ്ടു ട്രെയിനുകളിൽ നടന്ന കവർച്ചകളുമായി ബന്ധപ്പെട്ടു റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് നാലു വർഷം മുൻപു ട്രെയിനിൽ നടന്ന മറ്റൊരു മോഷണം. 2016 ഒക്ടോബർ മൂന്നിന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ 2.27 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി കാസർകോട് സ്വദേശി ലാലാ കബീർ ആണെന്നു റെയിൽവേ പൊലീസ് കണ്ടെത്തി. മറ്റൊരു കേസിൽ അറസ്റ്റിലായി കോയമ്പത്തൂർ ജയിലിൽ കഴിയുന്ന കബീറിനെ അറസ്റ്റു ചെയ്യാനായി റെയിൽവേ പൊലീസ് ഇൻസ്പെക്ടർ എൽ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലേക്കു തിരിച്ചു.
2016 ഒക്ടോബറിൽ കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിൽ വച്ചായിരുന്നു കവർച്ച. മംഗലാപുരം സ്വദേശി പ്രശാന്തൻ നായരുടെ ആഭരണങ്ങളും മൊബൈലും ഫോണുമാണ് നഷ്ടമായത്. കവർച്ച നടന്ന കംപാർട്മെന്റിൽ ഒപ്പം യാത്ര ചെയ്തിരുന്നത് കബീറിന്റെ ഭാര്യയാണെന്നു പരാതിക്കാരൻ ചിത്രം കണ്ടു തിരിച്ചറിഞ്ഞു. സ്വർണത്തിനൊപ്പം നഷ്ടപ്പെട്ട മൊബൈൽ ഫോൺ സുള്ള്യയിലെ ഒരു കടയിൽ വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. കബീറും സഹായി ജുനൈദും ചേർന്നാണു മൊബൈൽ വിൽക്കാൻ എത്തിയതെന്നു കടയുടമ ചിത്രങ്ങളിൽ നിന്നു തിരിച്ചറിഞ്ഞു. ഇതോടെ ഈ കേസിൽ ലാലാ കബീറിനെ അറസ്റ്റു ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് അന്വേഷണസംഘം തലശ്ശേരി കോടതിയിൽ അപേക്ഷ നൽകുകയും കോടതി പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ മാസം എട്ടിനു രണ്ടു ട്രെയിനുകളിൽ നടന്ന കവർച്ചയുമായി കബീറിന് ബന്ധമുണ്ടോ എന്നും റെയിൽവേ പൊലീസ് പരിശോധിക്കുന്നുണ്ട്. കവർച്ച നടന്ന ദിവസം കബീർ ജയിലിൽ ആയിരുന്നെങ്കിലും കബീറിന്റെ സഹായികൾ ഈ ദിവസങ്ങളിൽ പുറത്തുണ്ടായിരുന്നു. 2016ലെ കവർച്ചയിൽ കബീറിന്റെ ഒപ്പമുണ്ടായിരുന്ന ജുനൈദിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ലാലാ കബീറും ജുനൈദും കേരളത്തിലെ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു.
ഈ മാസം എട്ടിനു രണ്ടു ട്രെയിനുകളിൽ നിന്നായി 15 ലക്ഷം രൂപയുടെ സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. ചെന്നൈ സ്വദേശിനി പൊന്നിമാരൻ, കാഞ്ഞങ്ങാട് സ്വദേശി നെല്ലിയോടൻ വൈശാഖ് എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടമായത്. ഈ കേസിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ട്രെയിനുകളിൽ നേരത്തേ നടന്ന കവർച്ചകളുടെ വിവരം ശേഖരിക്കുന്നതിനിടെയാണ് ഇൻസ്പെക്ടർ എൽ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നാലു വർഷം മുൻപുളള കേസിന്റെ ചുരുളഴിച്ചത്.
എട്ടിനു നടന്ന ഇരട്ടക്കവർച്ചയിൽ തമിഴ്നാട് സ്വദേശി വെണ്ടർ സുരേഷിനു പങ്കുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണം നടത്തിയ ശേഷം ഓടുന്ന ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെടുന്നതാണ് സുരേഷിന്റെ രീതി. മറ്റൊരു കേസിൽ അറസ്റ്റിലായി കോയമ്പത്തൂർ ജയിലിലായിരുന്ന സുരേഷ് ഈ മാസം ആറിനാണു പുറത്തിറങ്ങിയത്. ഹരിയാനയിൽ നിന്നെത്തിയ മോഷണസംഘങ്ങളെ കേന്ദ്രീകരിച്ചും റെയിൽവേ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

COMMENTS