കാസര്‍കോട്: ഉളിയത്തടുക്കയില്‍ താമസിച്ചിരുന്ന ഷൈന്‍കുമാന്‍ എന്ന ഷാനവാസിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടു...
കാസര്‍കോട്: ഉളിയത്തടുക്കയില്‍ താമസിച്ചിരുന്ന ഷൈന്‍കുമാന്‍ എന്ന ഷാനവാസിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടും യഥാ സമയത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചു. നെല്ലിക്കുന്നിലെ ജയേന്ദ്രനാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഒരു പ്രതിയെ കൂടി പിടികിട്ടാനുള്ളതിനാല്‍ കേസ് അന്വേഷിച്ച കാസര്‍കോട് ടൗണ്‍ പൊലീസിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായില്ല. ഇത് അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് സഹായകമാവുകയും ചെയ്തു. അഡ്വ. പി.എ. ഫൈസലാണ് പ്രതിക്ക് വേണ്ടി ഹാജരായത്. കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. ജയേന്ദ്രന് പുറമെ ഒന്നാം പ്രതി മൊഗ്രാല്‍ കെ.കെ. പുറത്തെ മുനവ്വര്‍ ഖാസിം എന്ന മുന്നയും അറസ്റ്റിലായിരുന്നു. ഒരു പ്രതി ഒളിവിലാണ്. കഞ്ചാവ് ഇടപാടിന്റെ പേരില്‍ തനിക്കും പണം കിട്ടണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടതാണ് കൊലയില്‍ കലാശിച്ചത്. കാസര്‍കോട് നഗരത്തിനടുത്ത ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.

COMMENTS