ചെമ്പരിക്ക സ്വദേശി ഡോണ്‍ തസ്ലീം എന്ന സി.എം മുഹ്തസിമി(40)നെ കൊലപ്പെടുത്തിയ കേസില്‍ ബണ്ട്വാള്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ...
ചെമ്പരിക്ക സ്വദേശി ഡോണ്‍ തസ്ലീം എന്ന സി.എം മുഹ്തസിമി(40)നെ കൊലപ്പെടുത്തിയ കേസില്‍ ബണ്ട്വാള്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസ് ഇന്നലെ ചെമ്പരിക്കയിലെത്തി. കൊലയില്‍ പ്രദേശവാസികളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ചിലരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായി അറിയുന്നു. പൈവളിഗെ അട്ടഗോളി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് കൊലനടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ യുവാവ് ഉള്‍പ്പെടെ നാലുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് വിവരമുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ടുകോടി രൂപയുടെ സ്വര്‍ണ്ണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ഇപ്പോഴും പൊലീസ്. ബണ്ട്വാള്‍ സ്വദേശിയായ കൊലക്കേസ് പ്രതിയടക്കമുള്ളവരെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഉപ്പളയിലെ ഒരു ക്വട്ടേഷന്‍ സംഘത്തലവനുമായുള്ള സാമ്പത്തിക ഇടപാടാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബണ്ട്വാള്‍ സി.ഐ ടി. നാഗരാജ്, ബണ്ട്വാള്‍ ടൗണ്‍ എസ്.ഐ അവിനാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 1.11 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാണ്ടിലായിരുന്ന തസ്‌ലിം ജനുവരി 31ന് ജാമ്യത്തിലിറങ്ങിയതായിരുന്നു. പിന്നീട് നാട്ടിലേക്ക് വരുന്നതിനിടെയാണ് കാറിലെത്തിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഒളിസങ്കേതം പൊലീസ് മനസ്സിലാക്കിയതറിഞ്ഞ് അവിടെ നിന്ന് ഇന്നോവ കാറില്‍ തസ്‌ലീമിനെ കൊണ്ടുപോവുകയും മംഗളൂരു ബി.സി റോഡിന് സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

COMMENTS