കാസര്‍കോട്: ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാരെകൊള്ളയടിച്ച സംഘത്തെ കണ്ടെത്തുന്നതിനായി രൂപീകരിച്...
കാസര്‍കോട്: ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാരെകൊള്ളയടിച്ച സംഘത്തെ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് കൂടുതല്‍ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. റെയില്‍വെ പൊലീസ് ഡി.വൈ.എസ്.പി എ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
ഷൊര്‍ണ്ണൂര്‍ സി.ഐ കീര്‍ത്തി സാബു, കോഴിക്കോട് സി.ഐ സുരേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റെയില്‍വെ പൊലീസ് സ്റ്റേഷനുകളിലെ സി.ഐമാരെ കൂടി ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് വിപുലീകരിച്ചിരിക്കുന്നത്. മലബാര്‍ എക്സ്പ്രസില്‍ കവര്‍ച്ചക്കിരയായ പുല്ലൂര്‍ ഉദയ നഗറിലെ പ്രവീണ പ്രേംദാസിന്റെയും ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റില്‍ കവര്‍ച്ചക്കിരയായ പൊന്നിമാരന്റെയും മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. പൊന്നിമാരന്‍ ചെന്നൈയിലെ ബാങ്ക് ലോക്കറുകളില്‍ നിന്ന് ആഭരണങ്ങളെടുത്ത് ട്രെയിനില്‍ കയറുന്നത് മനസ്സിലാക്കിയ ആരെങ്കിലും പിന്തുടര്‍ന്നതാകാമെന്നാണ് പൊലീസ് കരുതുന്നത്. രണ്ട് ട്രെയിനുകളിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമല്ലെന്നും വ്യത്യസ്ത സംഘമാണെന്നും പൊലീസ് കരുതുന്നു.

COMMENTS