കാസര്‍ഗോഡ്: ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്ന് 21.406 കിലോ സ്വര്‍ണവും 2,95,089 രൂപയും കൊള്ളയടിച്ച കേസില്‍ ശിക്ഷിക...
കാസര്‍ഗോഡ്: ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്ന് 21.406 കിലോ സ്വര്‍ണവും 2,95,089 രൂപയും കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള്‍ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ അപ്പീല്‍ ജില്ലാകോടതി തള്ളി. കേസിലെ സൂത്രധാരന്‍ ബളാല്‍ കല്ലംചിറയിലെ അബ്ദുള്‍ ലത്തീഫ് (39), ബല്ലാ കടപ്പുറത്തെ മുബഷിര്‍ (21), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ ഖാദര്‍ (30) എന്നിവര്‍ നല്കിയ അപ്പീലാണ് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
നേരത്തെ ഈ കേസില്‍ ഒന്നുമുതല്‍ അഞ്ചു വരെയുള്ള പ്രതികളെ ഏഴു വകുപ്പുകളിലായി 22 വര്‍ഷം കഠിനതടവിനും 1.25 കോടി രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഇതില്‍ മൂന്നു പ്രതികളാണ് ശിക്ഷയ്ക്കെതിരേ അപ്പീല്‍ നല്‍കിയത്.
പ്രതികളെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം തടവാണ് പ്രതികള്‍ അനുഭവിക്കേണ്ടത്. മടിക്കേരി കുശാല്‍നഗര്‍ ബെത്തിനഹള്ളിയിലെ എസ്. സുലൈമാന്‍ (45), നാലാം പ്രതി ഇടുക്കി രാജഗിരിയിലെ എം.ജെ.
മുരളി (45) എന്നിവരാണ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ച മറ്റുപ്രതികള്‍. ഇവര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. കേസിലെ ആറാം പ്രതി മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്റഫിനെ (38) ഇതുവരെ പിടികിട്ടിയിട്ടില്ല.
ഏഴാം പ്രതി മടിക്കേരി എര്‍മാടിലെ അബ്ദുല്‍ ഖാദറിനെ (48) സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വെറുതെവിട്ടിരുന്നു. തുടര്‍ച്ചയായ അവധി കഴിഞ്ഞു 2015 സെപ്റ്റംബര്‍ 28ന് ബാങ്ക് തുറന്നപ്പോഴാണ് താഴത്തെ നിലയില്‍ വാടകയ്ക്കെടുത്ത കെട്ടിടമുറിയില്‍ നിന്ന് ബാങ്കിലേക്ക് സീലിംഗ് തുരന്നു കവര്‍ച്ച നടത്തിയതായി കണ്ടെത്തിയത്. നഷ്ടപ്പെട്ട 22.406 കിലോ സ്വര്‍ണത്തില്‍ 17.718 കിലോ സ്വര്‍ണവും 55,000 രൂപയുമാണ് പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഒളിവിലുള്ള പ്രതിയുടെ കൈവശമാണ് ബാക്കി സ്വര്‍ണമെന്നാണ് കരുതുന്നത്.

COMMENTS