ഷാർജ:ചൈനയിൽനിന്ന് യു.എ.ഇ.യിലേക്ക് ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ ആശങ്കയിലാണ് വ്യപാരികൾ. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിൽ പ്രവർത്ത...
ഷാർജ:ചൈനയിൽനിന്ന് യു.എ.ഇ.യിലേക്ക് ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ ആശങ്കയിലാണ് വ്യപാരികൾ. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന പ്രധാന വിപണികളെയെല്ലാം സജീവമാക്കുന്നത് പലവിധ ചൈനീസ് ഉത്പന്നങ്ങളാണ്.
കോവിഡ് - 19 ഭീതിയിൽ ദിവസങ്ങളായി ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞത് കൂടുതൽ ബാധിക്കുന്നത് മലയാളികളായ വ്യാപാരികളെയാണ്. യു.എ.ഇ. വിപണി സജീവമാക്കുന്നതിൽ മലയാളികൾക്ക് വലിയ പങ്കാണുള്ളത്. മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അലങ്കാരവസ്തുക്കൾ, പാത്രങ്ങളടക്കമുള്ള വീട്ടുപകരണങ്ങൾ, കര കൗശല ഉത്പന്നങ്ങൾ തുടങ്ങിയവ ഭൂരിഭാഗവുംവരുന്നത് ചൈനയിൽനിന്നാണ്. ഒരുമാസത്തോളമായി ഉത്പന്നങ്ങളുടെ വരവുകുറഞ്ഞത് വിപണിയെ സാരമായി ബാധിച്ചതായി ഷാർജ റോളയിലെ ഭൂരിഭാഗം വ്യാപാരികളും പറഞ്ഞു. യു.എ.ഇ.യിൽ നിന്ന് തലസ്ഥാനമായ ബീജിങ് ഒഴികെ ചൈനയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിട്ട് ദിവസങ്ങളായി. വാണിജ്യനഗരമായ ഷാങ്ഹായ് അടുത്തിടെയാണ് സർവീസ് നിർത്തിവെച്ചത്. ബീജിങ്ങിലേക്കുള്ള സർവീസും അടുത്തുതന്നെ നിർത്തിവെക്കാനാണ് സാധ്യതയെന്നും ട്രാവൽ ഏജൻസികൾ പറയുന്നു. ചൈനയിലെ ഫാക്ടറികൾ, ഇലക്ട്രോണിക്സ് ചില്ലറ, മൊത്ത വിൽപ്പനശാലകൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ലഭിക്കുന്ന യൂ, ഗോൺസെ, ഷെൻസെൻ, യൂഹാൻ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി ഉത്പന്നങ്ങൾ യു.എ.ഇ.യിലെ വിപണികളിൽ ദിനംപ്രതി എത്തുന്നുണ്ട്. സാംസങ്ങിന്റെ ഭൂരിഭാഗം ഉത്പന്നങ്ങളും നിർമിക്കുന്ന ഹുയീഷോ നഗരത്തിൽനിന്ന് സാധനങ്ങൾ വരാതായത് മൊബൈലടക്കമുള്ള ഉത്പന്നങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാനും ഉള്ളവയ്ക്ക് വില കൂടാനുമിടയായി. എന്നാൽ അടുത്തിടെയായി ഇന്ത്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ സാംസങ് ഫാക്ടറി പ്രവർത്തനമാരംഭിച്ചതുകാരണം വിപണികൾക്ക് ആശ്വസിക്കാം. ഡൽഹിയ്ക്കടുത്ത നോയിഡയിൽ ലോകത്തിലെ തന്നെ വലിയ മൊബൈൽഫാക്ടറി സാംസങ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ചെരുപ്പ്, ഷൂ തുടങ്ങിയവ ചൈനയിൽനിന്ന് നേരിട്ട് കൊണ്ടുവന്ന് ഷാർജയിൽ വിൽപ്പന നടത്തുന്ന കാസർകോട് മാങ്ങാട് സ്വദേശി അഷറഫ് പറയുന്നത് കടയിൽ സാധനങ്ങൾ കുറഞ്ഞുവരുന്നതുകാരണം വ്യാപാരമാന്ദ്യം നേരിടുകയാണെന്നാണ്. സ്ഥിരമായി ചൈനയിലെ യൂ അടക്കമുള്ള വാണിജ്യനഗരങ്ങളിലെ ഫാക്ടറികളിൽനിന്ന് ഇഷ്ടാനുസരണം ഉത്പന്നങ്ങൾ നിർമിച്ചുകൊണ്ടുവരികയായിരുന്നു അഷറഫ്. ഞായറാഴ്ച ചൈനയിലെ ഫാക്ടറികളടക്കം പൂർണമായും പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായി വ്യാപാരികൾ പറയുന്നു. എങ്കിലും യു.എ.ഇ.യിൽനിന്ന് നേരിട്ടുപോയി സാധനങ്ങളെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബെയ്ജിങ്ങിലേക്ക് വിമാനം പോകുന്നുണ്ടെങ്കിലും അവിടെനിന്ന് യൂ അടക്കമുള്ള വാണിജ്യകേന്ദ്രങ്ങളിലെത്താൻ നാലുമണിക്കൂറോളം യാത്ര ചെയ്യണം, സാധാരണഗതിയിൽ വാണിജ്യകേന്ദ്രങ്ങളുമായി അടുത്തുനിൽക്കുന്ന ചൈനയിലെ ഇത്തരം വിമാനത്താവളങ്ങളിലേക്കെല്ലാം യു.എ.ഇ.യിൽനിന്ന് നേരിട്ട് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ചൈനയിലെ വിവിധകേന്ദ്രങ്ങളിൽ യു.എ.ഇ. വിപണികളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഏജൻസികളാണ് പ്രവർത്തിക്കുന്നത്. കോവിഡ് - 19 ഭീഷണി എത്രകാലം നിലനിൽക്കുമെന്ന വേവലാതിയിലാണ് വ്യാപാരികൾ.

COMMENTS