കുമ്പള: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ കൈയോടെ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് 4.15-ഓടെ കുമ്പള-ബദിയഡുക്ക റോഡിൽ ശാ...
കുമ്പള: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ കൈയോടെ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് 4.15-ഓടെ കുമ്പള-ബദിയഡുക്ക റോഡിൽ ശാന്തിപ്പള്ളത്തുവെച്ചാണ് സംഭവം. കാസർകോട് ആൽഫാ കൺട്രോൾ യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് നാട്ടുകാർ പിടികൂടിയത്.
മദ്യപിച്ച് ലക്കുകെട്ട പോലീസ് ഉദ്യോഗസ്ഥന് വാഹനം ശരിയായി ഓടിക്കാൻപറ്റാത്ത അവസ്ഥയിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് ഇദ്ദേഹത്തെ പരിശോധിച്ചത്. നാവ് കുഴയാതെ സംസാരിക്കാൻപറ്റാത്ത നിലയിലായിരുന്നു. ഇതോടെ നാട്ടുകാർ ഒത്തുചേർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. തുടർന്ന് കുമ്പള പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അനുമതിയില്ലാതെയാണ് ഇദ്ദേഹം വാഹനമോടിച്ചതെന്ന് പോലീസ് പറഞ്ഞു. സമാനമായരീതിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെച്ച സംഭവം ഇയാളുടെ പേരിൽ മുമ്പുണ്ടായിരുന്നുവെന്ന് ഡിവൈ.എസ്.പി. അസിനാർ പറഞ്ഞു.
ഗുരുതരമായ കൃത്യവിലോപം കാണിച്ച ഇദ്ദേഹത്തിനെതിരേ റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് കൈമാറുമെന്ന കുമ്പള ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ച സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

COMMENTS