തന്റെ ഭര്ത്താവിന് സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് ഉത്തര്പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഡോ. കഫീല് ഖാന്റെ ഭാര്യ ശബിസ്ത ഖാന് കത്തെഴുതി....
തന്റെ ഭര്ത്താവിന് സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് ഉത്തര്പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഡോ. കഫീല് ഖാന്റെ ഭാര്യ ശബിസ്ത ഖാന് കത്തെഴുതി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടയില് പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ജയിലിലാണ് ഇപ്പോള് ഡോ. കഫീല് ഖാന്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉത്തര്പ്രദേശിലെ മഥുര ജയിലിലാണ് അദ്ദേഹമിപ്പോഴുള്ളത്. കഫീല് ഖാന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരുന്നതിനിടെ തന്നെ അദ്ദേഹത്തിന്റെ ജീവന് അപകടത്തിലാണെന്ന റിപ്പോര്ട്ടുകളും പുറത്തുവന്നിരുന്നു.
ഭര്ത്താവിന്റെ ജീവന് അപകടത്തിലാണെന്ന് കത്തില് ശബിസ്ത ഖാന് പറയുന്നു.
കഫീല് ഖാനെ തടവില് പാര്പ്പിച്ചിരിക്കുന്ന മഥുര ജയില് സന്ദര്ശിച്ചിരുന്നു. അദ്ദേഹത്തിന് കടുത്ത പീഡനമാണ് ജയിലില് നേരിടേണ്ടി വരുന്നത്. ഭര്ത്താവിന്റെ സുരക്ഷ ഉറപ്പാക്കണം. ജനുവരി 29ന് അറസ്റ്റ് ചെയ്ത ശേഷം ജയിലില് എത്തിച്ച ആദ്യ അഞ്ച് ദിവസം കഫീല് ഖാനെ അധികൃതര് പട്ടിണിക്കിട്ടുവെന്നും ഭാര്യ പറയുന്നു. സൗകര്യമില്ലാത്ത സെല്ലിലാണ് പാര്പ്പിച്ചിരിക്കുന്നത്. 150 ഓളം പേര് ഈ ചെറിയ സെല്ലിലുണ്ട്. കഫീല് ഖാന് ശാരീരികമായി വളരെ ക്ഷീണിച്ചുവെന്നും ഭാര്യ വിശദീകരിച്ചു.
"മഥുര ജയിലില് ഞങ്ങള് അദ്ദേഹത്തെ കാണാന് പോയി. അറസ്റ്റിലായ ശേഷം ജയിലില് കൊണ്ടുവന്നപ്പോള് അഞ്ചുദിവസത്തേക്ക് ഭക്ഷണം നല്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പാര്പ്പിച്ചിരിക്കുന്ന മുറി വളരെ ചെറുതാണ്. അതില് തന്നെ 100-150 പേരുണ്ട്. അദ്ദേഹത്തിന്റെ ജീവന് തന്നെ അപകടത്തിലാണ്." - ശബിസ്ത ഖാന് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില് പ്രകോപനപരമായ പ്രസ്താവനകള് നടത്തിയെന്നാരോപിച്ച് ഉത്തര്പ്രദേശ് സ്പെഷ്യല് ടാസ്ക് ഫോഴ്സ് കഴിഞ്ഞ മാസം മുംബൈയില് നിന്നാണ് കഫീല് ഖാനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 14 നാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.
ഉത്തര് പ്രദേശിലെ ഗോരഖ്പൂര് സ്വദേശിയായ ഡോക്ടര് കഫീല് ഖാന് ശ്രദ്ധിക്കപ്പെടുന്നത് 2017ലാണ്. ഗൊരഖ്പൂരിലെ ബിആര്ഡി ആശുപത്രിയില് പിഞ്ചുകുട്ടികള് മരിച്ച സംഭവത്തില് ഇടപെട്ടതായിരുന്നു കുറ്റം. കുട്ടികളെ രക്ഷപ്പെടുത്താന് കഴിയുന്ന വിധത്തില് ഇടപെടുകയും ഓക്സിജന് വാങ്ങുകയും ചെയ്ത അദ്ദേഹത്തെ യു പി സര്ക്കാര് പ്രതിക്കൂട്ടിലാക്കി. കഫീല് ഖാന് ഒമ്ബതു മാസത്തോളം ജയിലില് കഴിയേണ്ടിവന്നു. സര്ക്കാര് അന്വേഷണത്തില് കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വെറുതെവിട്ടു. പുറത്തിറങ്ങിയെങ്കിലും അധികനാള് കഴിഞ്ഞില്ല. വീണ്ടും കേസെടുത്ത് ജയിലില് അടച്ചു. ജാമ്യം ലഭിച്ചപ്പോള് മറ്റൊരു കേസ്.
ഇക്കഴിഞ്ഞ ജനുവരി 29ന് മുംബൈയില് വച്ച് കഫീല് ഖാനെ യുപി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. അലിഗഡ് മുസ്ലിം സര്വകലാശാലയില് ഡിസംബര് 12ന് നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തില് പ്രസംഗിച്ച കുറ്റത്തിനാണ് അറസ്റ്റ്.

COMMENTS