തിരുവനന്തപുരം∙മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലായിരുന്നപ്പോൾ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപി ആരോപണത്തിനു പിന്നാലേ, സെക്രട്ടേറിയറ്റിലെ ഉന...
തിരുവനന്തപുരം∙മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലായിരുന്നപ്പോൾ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപി ആരോപണത്തിനു പിന്നാലേ, സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെയാണ് സമൂഹ്യനീതി വകുപ്പിൽ നിയമിച്ചത്.
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപണമുയർന്ന ഫയലിനെപ്പറ്റി ഇവർ ബന്ധപ്പെട്ട സെക്ഷനിലെത്തി ചോദിച്ചറിഞ്ഞതായും, ഇതിനുശേഷമാണ് വിവാദമുണ്ടായതെന്നും ഇടതുപക്ഷ സംഘടനാ നേതാക്കൾ ആരോപിച്ചിരുന്നു. ഫയലിലെ വിവരങ്ങൾ ഉദ്യോഗസ്ഥയ്ക്കു ലഭിച്ചശേഷമാണു വിവരാവകാശം വഴി ബിജെപി നേതാക്കൾ ഫയലിന്റെ പകർപ്പെടുത്തതെന്നും നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു.
വിഷയം സർക്കാരിനു മുന്നിൽ എത്തിയതിനെത്തുടർന്നാണു സ്ഥലംമാറ്റിയത്. എന്നാൽ, അണ്ടർ സെക്രട്ടറി മുതൽ ഡെപ്യൂട്ടി സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരുടെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറയുന്നു. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്നു ബിജെപി വക്താവ് സന്ദീപ് വാരിയരാണ് ആരോപണം ഉന്നയിച്ചത്.
മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായുള്ള ഫയലിലെ ഒപ്പ് തന്റേതുതന്നെയാണെന്നും അതു വ്യാജമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഡിജിറ്റൽ രൂപത്തിലുള്ള ഫയലാണ് യുഎസിലിരിക്കേ പരിശോധിച്ച് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

COMMENTS