കരിവേടകം: കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെ കരിവേടകം തങ്കേത്തടുക്കത്ത് വെള്ളിയാഴ്ച ഉച്ചയോടെ ഒരുകൂട്ടം ആൾക്കാർ വഴിതടഞ്ഞു....
കരിവേടകം: കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെ കരിവേടകം തങ്കേത്തടുക്കത്ത് വെള്ളിയാഴ്ച ഉച്ചയോടെ ഒരുകൂട്ടം ആൾക്കാർ വഴിതടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈകിട്ട് തങ്കേത്തടുക്കത്ത് പ്രകടനം നടത്തി. ഈ സമയം സി.പി.എം. പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. ബേഡകം പോലീസെത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു.
തങ്കേത്തടുക്കത്ത് തെരുവുവിളക്ക് സ്ഥാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വഴിതടഞ്ഞത്. തങ്കേത്തടുക്കം പൗരസമിതി ചെയർമാൻ കൂടിയായ തന്റെ നേതൃത്വത്തിലാണ് പ്രദേശവാസികൾ വഴിതടഞ്ഞതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി അരമന പറഞ്ഞു. പിന്നീടെത്തിയ കുറ്റിക്കോൽ പഞ്ചായത്തംഗവും സി.പി.എം. പടുപ്പ് ലോക്കൽ സെക്രട്ടറിയുമായ കെ.എൻ.രാജൻ പഞ്ചായത്ത് പ്രസിഡൻറുമായി സംസാരിച്ചതനുസരിച്ചാണ് ആൾക്കൂട്ടം പിരിഞ്ഞുപോയത്.
പ്രസിഡന്റിന് നിവേദനം നൽകാനാണ് നാട്ടുകാർ എത്തിയതെന്നും വൈകിട്ട് പ്രകടനമുണ്ടായപ്പോൾ കോൺഗ്രസ് പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് ആവശ്യപ്പെടുക മാത്രമാണ് സി.പി.എം. പ്രവർത്തകർ ചെയ്തതെന്നും കെ.എൻ.രാജൻ പറഞ്ഞു.
നിവേദനം നൽകാനെന്നാവശ്യപ്പെട്ട് തന്നെ വിളിച്ചുവരുത്തി മുൻ നിശ്ചയിച്ചപ്രകാരം വഴിതടയുകയായിരുന്നെന്നും ബേഡകം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു..

COMMENTS