തിരുവനന്തപുരം: സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ഇനിമുതല്‍ ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതിയെന...
തിരുവനന്തപുരം: സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ഇനിമുതല്‍ ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ആന്റിജന്‍ പരിശോധനയ്ക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. അതേസമയം രോഗവ്യാപനം കൂടുതലുള്ള ക്ളസ്റ്ററുകളില്‍ പരിശോധനകള്‍ കൂട്ടുന്നതിന് പകരം സെന്റിനല്‍ സര്‍വെയ്ലന്‍സ് പരിശോധനയില്‍ ഇത്തരം ക്ളസ്റ്ററുകളെ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പകരമായി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എല്ലാ ആഴ്ചയും തുടര്‍ച്ചയായി പരിശോധനകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അടിയന്തര സഹാചര്യത്തിലല്ലെങ്കില്‍ കൊവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. മാറ്റേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരിലൊരാള്‍ ആംബുലന്‍സില്‍ ഒപ്പം ഉണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് രോഗിയെ പീഡിനത്തിനിരയാക്കിയ സംഭവത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. അടിയന്തര ഘടത്തിലുള്ള ആളുകളെ മാത്രം രാത്രിയില്‍ മാറ്റും.
രോഗം സ്ഥിരീകരിക്കുകയും എന്നാല്‍ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിലാണെങ്കില്‍, സ്ത്രീകളാണെങ്കില്‍.
അവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ളവരോ ആയ സ്ത്രീകളാണെങ്കില്‍ അവരെ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ അയക്കുന്ന ആംബുലന്‍സില്‍ പൈലറ്റിനൊപ്പം പരിശീലനം നേടിയ മെഡിക്കല്‍ ടെക്നീഷ്യനോ ആരോഗ്യ പ്രവര്‍ത്തകനോ ഉണ്ടാകണം.
ജിപിഎസ് സംവിധാനമുള്ള ഈ ആംബുലന്‍സുകള്‍ ചികില്‍സ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് ഉറപ്പിക്കണമെന്നും നിര്‍ദേശം ഉണ്ട്.
അതേസമയം അത്യാവശ്യഘട്ടത്തില്‍ അല്ലെങ്കില്‍ രോഗികളെ മാറ്റാന്‍ പൈലറ്റ് മാത്രം മതിയെന്ന് നേരത്തെ ആരോഗ്യവകുപ്പ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു . രോഗികളുമായി സമ്ബര്‍ക്കത്തില്‍ വന്നാല്‍ രണ്ടാളുകള്‍ ഒരുമിച്ച് ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിതെന്നാണ് അനൗദ്യോഗിക വിശദീകരണം. ഒരു ആംബുലന്‍സില്‍ രണ്ട് ജീവനക്കാരെ വീതം നല്‍കിയിട്ടുണ്ടെന്നാണ് 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതലയുള്ള ജിവികെ ഇഎംആര്‍ഐ കമ്ബനിയുടെ വിശദീകരണം .

COMMENTS