കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർകൂടി മരിച്ചു. കൊന്നക്കാട്ടെ ഫാദർ കുര്യാക്കോസ് മുണ്ടപ്ലാക്കൽ, മഞ്ചേശ്വരത്തെ കുഞ്ഞാലി,പീലിക്കോ...
കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർകൂടി മരിച്ചു. കൊന്നക്കാട്ടെ ഫാദർ കുര്യാക്കോസ് മുണ്ടപ്ലാക്കൽ, മഞ്ചേശ്വരത്തെ കുഞ്ഞാലി,പീലിക്കോട് ആനിക്കാടി കോളനിയിലെ പിഎം സുന്ദരൻ എന്നിവരാണ് മരിച്ചത്.
കർണാടക ഭദ്രാവതി വികാരി ജനറലായ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ പേര് കർണാടക സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇദ്ദേഹമൊഴികെ ഇതുവരെയുള്ള ജില്ലയിലെ മരണസംഖ്യ 52ആണ്.
അതിനിടെ രോഗികളുടെ എണ്ണം ജില്ലയിൽ ഏഴായിരത്തോടടുക്കുന്നു. വെള്ളിയാഴ്ച 102 പേർക്കാണ് പോസിറ്റീവായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6920-ലെത്തി. വെള്ളിയാഴ്ചത്തെ രോഗികളിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ടുപേർ ഇതരസംസ്ഥാനത്തുനിന്നെത്തിയവരാണ്. ഇതുവരെ കോവിഡ് ബാധിച്ചവരിൽ 5847 പേരും സമ്പർക്കരോഗികളാണ്. 618 പേർ വിദേശത്തുനിന്നും ബാക്കിയുള്ളവർ ഇതരസംസ്ഥാനത്തുനിന്നും വന്നവരാണ്.
രോഗബാധിതരിൽ ഏറ്റവും കൂടുതൽപ്പേർ കാസർകോട് നഗരസഭയിലാണ്. 680 പേർ. ചെമ്മനാട് പഞ്ചായത്തിൽ 567 പേർക്കും ഉദുമയിൽ 494 പേർക്കും കാഞ്ഞങ്ങാട് 434 പേർക്കുമാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കുമ്പള (392), ചെങ്കള (381), അജാനൂർ (381), പള്ളിക്കര (350) എന്നിങ്ങനെയാണ് കൂടുതൽ രോഗബാധിതരായ പഞ്ചായത്തുകളിലെ വേർതിരിച്ച കണക്ക്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കാസർകോട് നഗരസഭയിലും ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിലും കാസർകോടിന്റെ വടക്കൻപ്രദേശത്തുമായിരുന്നു രോഗികൾ കൂടുതൽ.
എന്നാൽ സമ്പർക്കരോഗികളുടെ എണ്ണം കൂടിയതോടെ ജില്ലയിലൊട്ടാകെ വൈറസ് പടർന്നുപിടിച്ചു. ഫെബ്രുവരി മൂന്നിന് സംസ്ഥാനത്തെ മൂന്നാമത്തെയും ജില്ലയിലെ ആദ്യത്തെയും കോവിഡ് റിപ്പോർട്ട് ചെയ്തത് അജാനൂർ പഞ്ചായത്തിലായിരുന്നു. എന്നാൽ രോഗവ്യാപനത്തിൽ കഴിഞ്ഞമാസംവരെ അത്രയും ഭീതിതമായിരുന്നില്ല അജാനൂർ പഞ്ചായത്ത്. ഇപ്പോൾ അജാനൂരിലും തൊട്ടടുത്ത കാഞ്ഞങ്ങാട് നഗരസഭയിലും നീലേശ്വരം നഗരസഭയിലും ചെറുവത്തൂർ, തൃക്കരിപ്പൂർ പഞ്ചായത്തുകളിലുമെല്ലാം കോവിഡ് ബാധിതർ കുതിച്ചുയരുന്നു. കോളനികൾ, തീരദേശ മേഖലകൾ തുടങ്ങിയവിടങ്ങളിൽ രോഗം വ്യാപകമാണ്.
പിലിക്കോട് കണ്ണാടിപ്പാറയിലെ ആനിക്കാടി കോളനിയിൽ 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് മൂലക്കണ്ടം കോളനിയിൽ നേരത്തെ 43 പേർക്ക് പോസിറ്റീവായിരുന്നു. നിലവിൽ ജില്ലയിൽ 6920 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 112 പേരുടെ സാമ്പിൾ പരിശോധനാഫലം വരാനുണ്ട്. അതിനിടെ 131 പേർക്ക് നെഗറ്റീവായി.

COMMENTS