കാഞ്ഞങ്ങാട് ∙ സബ് കലക്ടറായി ഡി.ആർ.മേഘശ്രീ ചുമതലയേറ്റു. കർണാടക ചിത്രദുർഗ സ്വദേശിനിയാണ്. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ജോലി ചെയ്തതിനു ശേ...
കാഞ്ഞങ്ങാട് ∙ സബ് കലക്ടറായി ഡി.ആർ.മേഘശ്രീ ചുമതലയേറ്റു. കർണാടക ചിത്രദുർഗ സ്വദേശിനിയാണ്. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ജോലി ചെയ്തതിനു ശേഷമാണ് കാഞ്ഞങ്ങാട് സബ് കലക്ടറായി എത്തുന്നത്.
സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലെത്തിയത്?
സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. പഠിക്കുന്ന കാലത്ത് കലക്ടറേറ്റിന് മുൻപിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. വിവിധ പരാതികൾ ബോധിപ്പിക്കാൻ കലക്ടറെ കാത്തിരിക്കുന്ന ഒരുപാട് പേരെ അന്നു കണ്ടിരുന്നു. ഒരുപാട് ജീവിതങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു പദവിയാണ് കലക്ടറുടെതെന്ന് അന്ന് എനിക്ക് മനസ്സിലായി. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് സിവിൽ സർവീസ് മേഖലയിലേക്ക് ഇറങ്ങി തിരിച്ചത്.
ജില്ലയെക്കുറിച്ച്?
കർണാടകക്കാരിയായ എനിക്ക് കേരളത്തോട് പ്രത്യേക താൽപര്യമുണ്ട്. പ്രത്യേകിച്ച് കാസർകോട് ജില്ലയോട്. പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നു കോവിഡിനെതിരെ ജില്ല നടത്തുന്ന പോരാട്ടം പ്രശംസനീയമാണ്. ക്രിയാത്മകമായ ഭരണ സംവിധാനവും ഉത്തരവാദിത്വ ബോധമുള്ള ജനതയും ഉള്ളതു കൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചത്. ടൂറിസം രംഗത്ത് വലിയ സാധ്യതയാണ് ജില്ലയ്ക്ക് ഉള്ളത്. ഇതിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയുന്നിടത്താണ് നമ്മുടെ വിജയം.
ആരാണ് റോൾ മോഡൽ?
എസ്ബിഐയിൽ ചീഫ് മാനേജരായിരുന്ന അച്ഛൻ രുദ്രാമുനിയാണ് എന്റെ റോൾ മോഡൽ. പദവിയിൽ ഇരുന്ന് സാധാരണക്കാരെ എങ്ങനെ സഹായിക്കാമെന്നതിനാണ് അച്ഛൻ പ്രാധാന്യം കൊടുത്തിരുന്നത്. കുടുംബ ജീവിതവും ജോലിയും വിജയകരമായി ബാലൻസ് ചെയ്തു പോയ അച്ഛന്റെ വൈദഗ്ധ്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തെ കുറിച്ച് ?
കർണാടക കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ ഡോ. വിക്രം സിൻഹയാണ് ഭർത്താവ്. രണ്ടു വയസ്സുകാരി വിസ്മയയും 6 മാസം പ്രായമുള്ള ദൃതിയുമാണ് മക്കൾ.

COMMENTS