15 പവൻ തൂക്കം വരുന്ന ആഭരണമെന്ന വ്യാജേന മുക്കുപണ്ടവുമായെത്തിയ സ്ത്രീയെയും പുരുഷനെയും ഇന്നലെ ഉച്ചയോടെയാണ് കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തിൽ പ...
15 പവൻ തൂക്കം വരുന്ന ആഭരണമെന്ന വ്യാജേന മുക്കുപണ്ടവുമായെത്തിയ സ്ത്രീയെയും പുരുഷനെയും ഇന്നലെ ഉച്ചയോടെയാണ് കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തിൽ പിടികൂടിയത്. നഗരത്തിലെ ഐസ്‌ലാന്റിനു സമീപം പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ഫൈനാൻസിലാണ് തട്ടിപ്പ് നടന്നത്.
തൊട്ടടുത്ത സജിഷ ജ്വല്ലറിയിൽ ആഭരണം പരിശോധിച്ചപ്പോഴാണ് 15 പവന്റെ ഒറ്റമാല സ്വർണ്ണമല്ല, മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ടൗണിൽ നിന്നും പിടികൂടി വീണ്ടും സ്ഥാപനത്തിലെത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മറ്റൊരാൾ നൽകിയതാണെന്നാണ് സ്ത്രീയും കൂടെയുണ്ടായിരുന്ന ആളും പറഞ്ഞത്.
ഒരു മാസം മുമ്പ് ഇവർ ഇതേ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയ ആഭരണവും മുക്കുപണ്ടമാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഒരു ലക്ഷം രൂപയായിരുന്നു അന്ന് സംഘം തട്ടിയെടുത്തത്.
നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ എങ്ങനെയും തിരിച്ചു പിടിക്കാനാണിപ്പോൾ ധനകാര്യ സ്ഥാപനത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ചർച്ചകൾ നടന്നു വരികയാണ്.

COMMENTS