ഗാന്ധിനഗര്‍: കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പെടുത്തതിന് പിന്നാലെ യുവാവ് മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ ജിഗ്‌നേഷ് ...
ഗാന്ധിനഗര്‍: കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പെടുത്തതിന് പിന്നാലെ യുവാവ് മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ ജിഗ്‌നേഷ് സോളങ്കിയാണ് മരിച്ചത്. കുത്തിവയ്‌പെടുത്ത് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു മരണം. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.
വാക്‌സിന്‍ കുത്തിവയ്‌പെടുത്തതാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ഹൃദയാഘാതം മൂലമാണ് ജിഗ്നേഷ് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. യുവാവ് 2016 മുതല്‍ ഹൃദ്രോഗിയായിരുന്നെന്നും, മരുന്ന് കഴിക്കാത്തതാണ് ജീവന് ഭീഷണിയായതെന്നും അധികൃതര്‍ അറിയിച്ചു.
വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (വിഎംസി) ശുചീകരണ തൊഴിലാളിയായിരുന്ന ജിഗ്‌നേഷ് സോളങ്കി, ഞായറാഴ്ച രാവിലെയാണ് വാക്‌സിനേഷന്‍ എടുത്തത്.
വീട്ടിലെത്തിയതിന് പിന്നാലെ ബോധരഹിതനാകുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിവില്‍ ബോഡി സ്ഥാപിച്ച ബൂത്തില്‍ സോളങ്കിക്ക് വാക്‌സിന്‍ നല്‍കിയെന്നും, അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരുത്തിയ ശേഷമാണ് വീട്ടിലേക്ക് വിട്ടതെന്നും എസ്‌എസ്ജി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ രഞ്ജന്‍ അയ്യര്‍ പറഞ്ഞു. ആ മുപ്പത് മിനിറ്റില്‍ അദ്ദേഹത്തിന് പാര്‍ശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചര്‍ത്തു.

COMMENTS