പനത്തടി ∙ റബർ ടാപ്പിങ്ങിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ തൊഴിലാളിക്ക് രക്ഷകരായി യുവാക്കളും അഗ്നിരക്ഷാസേനയും. പുലിക്കടവിലെ ടാപ്പിങ് തൊഴിലാളി ...
പനത്തടി ∙ റബർ ടാപ്പിങ്ങിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ തൊഴിലാളിക്ക് രക്ഷകരായി യുവാക്കളും അഗ്നിരക്ഷാസേനയും. പുലിക്കടവിലെ ടാപ്പിങ് തൊഴിലാളി മൂക്കാട്ട് രാജേഷ് (39) ആണ് ഇന്നലെ രാവിലെ 6 മണിക്ക് ടാപ്പിങ്ങിനിടെ ആൾമറയില്ലാത്ത 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്.
രാവിലെ ഇതുവഴി പോയ സ്ത്രീ സമീപത്തെ കിണറ്റിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് രാജേഷ് വീണു കിടക്കുന്നതായി കണ്ടത്. സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ കെ.എ.ബിജു, സുനിൽ കുമാർ, അനീഷ് പുലിക്കടവ് എന്നിവർ കിണറ്റിലിറങ്ങി അർധ ബോധാവസ്ഥയിലായ രാജേഷിനെ വെള്ളത്തിൽ നിന്നും എടുത്ത് മുകളിൽ എത്തിക്കാനായി കസേരയിൽ ഇരുത്തിയിരുന്നു.ഈ സമയം കുറ്റിക്കോലിൽ നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന് റസ്ക്യൂ നെറ്റിന്റെ സഹായത്തോടെ രാജേഷിനെയും കിണറ്റിൽ ഇറങ്ങിയ മറ്റു 3 പേരെയും മുകളിൽ എത്തിക്കുകയായിരുന്നു. രാജേഷിനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. യുവാക്കൾ തക്ക സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു.
ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫിസർ ഇസ്മയിൽ ഖാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ രാമചന്ദ്രൻ, ഓഫിസർമാരായ പ്രസാദ്, അക്ഷയ കൃഷ്ണൻ, ജിഷ്ണു, പ്രതീഷ് ഗോപി, അനീഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

COMMENTS