കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകി....
കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകി. എല്‍.ഡി.എഫില്‍ സി.പി.ഐയ്ക്ക് നീക്കി വച്ചിട്ടുള്ള കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ഊഹപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ മന്ത്രി ഇ. ചന്ദ്രശേഖരനാണ് മണ്ഡലത്തിന്റെ പ്രതിനിധി. തുടര്‍ച്ചയായി രണ്ടു തവണ കാഞ്ഞങ്ങാടിനെ പ്രതിനിധീകരിക്കുന്ന മന്ത്രി ഇത്തവണ മാറി നില്‍ക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ ആരായിരിക്കും അദ്ദേഹത്തിന്റെ പിന്‍ഗാമി എന്നതു സംബന്ധിച്ചാണ് ചര്‍ച്ചകള്‍ മുറുകിയിട്ടുള്ളത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്റെ പേരും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 87 ല്‍ ഒഴികെ മറ്റെല്ലായിപ്പോഴും സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുള്ള മണ്ഡലമാണ് പഴയ ഹൊസ്ദുര്‍ഗും ഇപ്പോഴത്തെ കാഞ്ഞങ്ങാടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാല്‍ലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ. ചന്ദ്രശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ജില്ലയില്‍ സി.പി.ഐ മത്സരിക്കുന്ന ഏക മണ്ഡലവും അവര്‍ക്ക് വിജയം സുനിശ്ചിതവുമായ കാഞ്ഞങ്ങാടാണ്. രണ്ടു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നതാണ് സി.പി.ഐ പൊതുവെ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതിനോട് പൂര്‍ണ്ണമായും മന്ത്രി ചന്ദ്രശേഖരന്‍ പിന്തുണയ്ക്കുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ സംബന്ധിച്ച് ചര്‍ച്ചയും ആരംഭിച്ചത്. പള്ളിപ്രം ബാലനെപ്പോലെ കണ്ണൂരില്‍ നിന്ന് ആരെങ്കിലും മത്സരിക്കാന്‍ വരുമോയെന്നും സംശയമുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ പേരും കാഞ്ഞങ്ങട്ടേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസാണ് ഇവിടെ മത്സരിക്കാറ്.

COMMENTS