തിരുവനന്തപുരം ∙ കേരള കോൺഗ്രസ് ഒരുമിച്ചു നിന്നപ്പോഴുള്ള 15 സീറ്റ് കിട്ടണമെന്ന് സീറ്റ് വിഭജന ചർച്ചയിൽ പി.ജെ. ജോസഫ്. അതിനുള്ള സാധ്യത തള്ളി കോൺ...
തിരുവനന്തപുരം ∙ കേരള കോൺഗ്രസ് ഒരുമിച്ചു നിന്നപ്പോഴുള്ള 15 സീറ്റ് കിട്ടണമെന്ന് സീറ്റ് വിഭജന ചർച്ചയിൽ പി.ജെ. ജോസഫ്. അതിനുള്ള സാധ്യത തള്ളി കോൺഗ്രസ്. കൂടുതൽ സീറ്റ് ചോദിച്ചില്ലെങ്കിലും വിജയസാധ്യതയുള്ളതു വേണമെന്ന് ആർഎസ്പിയും ആവശ്യപ്പെട്ടു. ഇരു കക്ഷികളുമായും നടന്ന ആദ്യവട്ട ചർച്ചയിൽ തീരുമാനമായില്ല. വീണ്ടും സംസാരിക്കാമെന്ന ധാരണയിൽ പിരിഞ്ഞു.
പിളർന്ന സാഹചര്യത്തിൽ, നേരത്തേ മത്സരിച്ച 15 സീറ്റും ജോസഫ് വിഭാഗത്തിന് എങ്ങനെ നൽകാൻ കഴിയുമെന്നു കോൺഗ്രസ് നേതൃത്വം ചോദിച്ചു. ഒരുമിച്ചു നിൽക്കെത്തന്നെ അതിൽ ജോസഫ് വിഭാഗ നേതാക്കൾ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകൾ നൽകാം. പിന്നീട് ജോസഫ് വിഭാഗത്തിലേക്കു ചേക്കേറിയവർ മത്സരിച്ച ചങ്ങനാശേരി (സി.എഫ്.തോമസ്), ഇരിങ്ങാലക്കുട (തോമസ് ഉണ്ണിയാടൻ), തിരുവല്ല (ജോസഫ് എം.പുതുശ്ശേരി) മണ്ഡലങ്ങളോ പകരം മണ്ഡലങ്ങളോ പരിഗണിക്കാം. അതിൽ കൂടുതൽ സാധ്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ 12 സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ജോസഫ്. ഇടുക്കി സീറ്റും മലബാർ മേഖലയിൽ മറ്റൊരു സീറ്റും വേണമെന്നതിൽ അവർ പിന്നോട്ടില്ല.ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, കയ്പമംഗലം സീറ്റുകളിലാണ് ആർഎസ്പി കഴിഞ്ഞ തവണ മത്സരിച്ചത്. ഇരവിപുരത്തിനു പകരം കുണ്ടറയോ കൊല്ലമോ വേണമെന്നും ആറ്റിങ്ങലിനു പകരം വാമനപുരവുമാണ് ആർഎസ്പി ചോദിച്ചത്. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയില്ല.

COMMENTS