ഉദുമ: ഉദുമ എം.എൽ.എ.യ്ക്ക് എതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് തടയാൻ ജലപീരങ്...
ഉദുമ: ഉദുമ എം.എൽ.എ.യ്ക്ക് എതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് തടയാൻ ജലപീരങ്കി പ്രയോഗിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ ശ്രീകുമാറെ ഭീഷണിപ്പെടുത്തി സി.പി.എം. പ്രവർത്തകർക്ക് കള്ളവോട്ട് ചെയ്യാൻ അവസരം ഒരുക്കിയ ഉദുമ എം.എൽ.എ. കെ. കുഞ്ഞിരാമനെതിരേ കേസ് എടുക്കുക, കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ദീപു കൃഷ്ണന്റെ വീടിനു നേരെ ബോംബെറിഞ്ഞവരെ ഒന്നരവർഷമായിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി മാർച്ച് സംഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് കാര്യാലയപരിസരത്തുനിന്ന് പുറപ്പെട്ട മാർച്ച് കോട്ടിക്കുളത്ത് കെ.എസ്.ടി.പി. റോഡിൽ ബാരിക്കേഡ് തീർത്ത് പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ ഇത് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്.കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പി. വിനോദിന്‍റെ നേതൃത്വത്തിലാണ് പോലീസ് സന്നാഹം ഒരുക്കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ, മണ്ഡലം പ്രസിഡന്റ് ബി. ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി, രാജേഷ് തമ്പാൻ, ഉനൈസ് ബേഡകം, ഷുഹൈബ് തൃക്കരിപ്പൂർ, ബ്ലോക്ക് പ്രസിഡന്റുമാരായ അനൂപ് കല്യോട്ട്, സന്തു ടോം ജോസ്, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് നവനീത്, എന്നിവർ സംസാരിച്ചു.

COMMENTS