കോഴിക്കോട്: അയോധ്യ രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസമാഹരണം ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.ജി. രഘുനാഥ പിള്ള. പാർട്ട...
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസമാഹരണം ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.ജി. രഘുനാഥ പിള്ള. പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ഇദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്നാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം. പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്‍റാണ് ഇദ്ദേഹം. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കൂപ്പൺ വിതരണം നടത്തുന്നുണ്ടായിരുന്നു.
ക്ഷേത്രത്തിന്‍റെ മേൽശാന്തി ഇതിന്‍റെ ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം തീർന്ന് നിലവിൽ യാതൊരു പ്രശ്നവുമില്ല. ബാബരി മസ്ജിദിന്റെ നിർമാണവും രാമക്ഷേത്ര നിർമാണവും നടക്കുന്നുണ്ട്. നിലവിൽ എന്താണ് പ്രശ്നമെന്ന് മനസിലാകുന്നില്ല. ദേശീയ േനതാക്കൾ ഈ വിഷയങ്ങളെല്ലാം അംഗീകരിച്ചിരുന്നുവെന്നും ഒരു ആരാധനാലയത്തിന്‍റെ നിർമാണ ഫണ്ട് പിരിവ് ഉദ്ഘാടനം നടത്തുകയാണ് ചെയ്തെതന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്ര മേൽശാന്തിക്ക് കൂപ്പൺ നൽകി രണ്ടു ദിവസം മുമ്പായിരുന്നു ഉദ്ഘാടനം. ഇതിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

COMMENTS