കാഞ്ഞങ്ങാട്: പൊരിച്ച മീനിന്റെ മണംപിടിച്ച് അടുക്കളയിൽ കയറിയ കണ്ടൻപൂച്ച വരാന്തയിലെ അഴിക്കൂടിൽ കുടുങ്ങി. വീട്ടുകാരുടെ കാലൊച്ച കേട്ട് ഓടിമറയാൻ ...
കാഞ്ഞങ്ങാട്: പൊരിച്ച മീനിന്റെ മണംപിടിച്ച് അടുക്കളയിൽ കയറിയ കണ്ടൻപൂച്ച വരാന്തയിലെ അഴിക്കൂടിൽ കുടുങ്ങി. വീട്ടുകാരുടെ കാലൊച്ച കേട്ട് ഓടിമറയാൻ തേടിയ എളുപ്പവഴിയാണ് കണ്ടന് കെണിയായത്. കാഞ്ഞങ്ങാട് ആവിയിലെ ഖദീജ വീട്ടിലാണ് കഥകളിൽ പറഞ്ഞുകേട്ട മാർജാര തന്ത്രം പാളിയത്. വീട്ടമ്മയായ ഖജീജ അടുക്കള വാതിൽ തുറന്ന അകത്ത് കയറിയപ്പോൾ കണ്ടത് ഓടിമറയുന്ന പൂച്ചയെയായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം അടുക്കളവരാന്തയിൽനിന്ന് പൂച്ചയുടെ ഉച്ചത്തിലുള്ള കരച്ചിലാണ് കേട്ടത്. ഇറങ്ങി നോക്കിയപ്പോൾ കണ്ടത് വരാന്തയിലെ ഇരുമ്പു അഴിക്കൂടിന്റെ ചെറിയ ദ്വാരത്തിൽ തലമാത്രം കുടുങ്ങി തൂങ്ങി കിടന്ന് വേദനകൊണ്ട് കരയുന്ന പൂച്ചയെയാണ്. വീട്ടുകാർ പിറകോട്ട് വലിച്ച് രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയുടെ സഹായം തേടി. സേനാംഗങ്ങളും പരിശ്രമിച്ചിട്ടും ദ്വാരത്തിലൂടെ പൂച്ചയെ പുറത്തുകൊണ്ടുവരാൻ പറ്റിയില്ല. ഒടുവിൽ കമ്പിക്കൂടിന്റെ തല കുടുങ്ങിയ ദ്വാരം ഹൈഡ്രോളജിക് കട്ടറുപയോഗിച്ച് വിടർത്തിയാണ് പൂച്ചയെ മോചിപ്പിച്ചത്. സിനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.അശോക് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ കെ.ടി.ചന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ, അതുൽ, ഹോംഗാർഡ് കൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

COMMENTS