ഫുട്ബാളിന്റെ അനിശ്ചിതത്വവും സൗന്ദര്യവും മാറിമാറിക്കണ്ട മത്സരത്തിൽ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ ബാഴ്സലോണക്ക് മുമ്പിൽ ഗ്രനഡ മുട്ട...
ഫുട്ബാളിന്റെ അനിശ്ചിതത്വവും സൗന്ദര്യവും മാറിമാറിക്കണ്ട മത്സരത്തിൽ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ ബാഴ്സലോണക്ക് മുമ്പിൽ ഗ്രനഡ മുട്ടുമടക്കി. കോപ്പഡെൽറേയിലെ ക്വാർട്ടർ ഫൈനലിലായിരുന്നു കൈവിട്ടുവെന്ന് തോന്നിച്ച മത്സരം ബാഴ്സ ഉജ്ജ്വലമായി തിരിച്ചുപിടിച്ചത്. 88 മിനുറ്റുവരെ രണ്ടുഗോളിന് പിന്നിട്ട ശേഷമായിരുന്നു ബാഴ്സയുടെ ലേറ്റ് മാസ് എൻട്രി. ഗോളടിച്ചില്ലെങ്കിലും മത്സരത്തിൽ നിർണായക നീക്കങ്ങൾ നടത്തി ലയണൽ മെസ്സി കളംവാണു.
ബാഴ്സ പ്രതിരോധനിരയിലെ വീഴ്ച മുതലെടുത്ത് 33ാം മിനുറ്റിലാണ് ഗ്രനഡ ബാഴ്സക്ക് ആദ്യ ഷോക്ക് നൽകിയത്. 47ാം മിനുറ്റിൽ പൊടുന്നനെയുള്ള കൗണ്ടർ അറ്റാക്കിലൂടെ റോബർട്ടോ സൊൽഡാഡോ ഗ്രനഡയുടെ ലീഡുയർത്തി. പന്തുകൈവശം വെക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ബാഴ്സക്ക് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായില്ല. ബാഴ്സയുടെ എണ്ണം പറഞ്ഞ ഏതാനും ഷോട്ടുകൾ പോസ്റ്റ് ബാറിലുടക്കി തെറിച്ചുപോയി.88ാം മിനുറ്റിൽ ബാഴ്സ കാത്തിരുന്ന നിമിഷമെത്തി. മെസ്സിയുടെ അളന്നുമുറിച്ചുള്ള ക്രോസിന് തലവെച്ച് അേന്റായിൻ ഗ്രിസ്മാൻ ബാഴ്സയുടെ ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ശേഷിക്കേ മെസ്സിയുടെ ക്രോസ് പെനൽറ്റി ബോക്സിൽ നിന്ന ഗ്രീസ്മാൻ ജോർഡി ആൽബക്ക് തലകൊണ്ട് മറിച്ചുകൊടുത്തു. കൃത്യമായി പിടിച്ചെടുത്ത ആൽബയുടെ ഹെഡറിൽ വീരോചിതം സമനിലപിടിച്ച ബാഴ്സ ആഹ്ലാദത്താൽ തുള്ളിച്ചാടി.
ഇതൊടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ കാര്യങ്ങൾ ബാഴ്സക്ക് എളുപ്പമായി. ആൽബയുടെ ക്രോസിന് തലവെച്ച് ഗ്രീസ്മാൻ ബാഴ്സയെ മുന്നിലെത്തിച്ചു. സന്തോഷം അധികം നീളുംമുേമ്പ പെനൽറ്റിയിലൂടെ ഗ്രനഡ ഒപ്പമെത്തിയെങ്കിലും ജയിക്കാനുറച്ച ബാഴ്സയെ തോൽപ്പിക്കാൻ അതുമതിയായിരുന്നില്ല. 108ാം മിനുറ്റിൽ മെസ്സിയുടെ ഷോട്ടിൽ റീബൗണ്ടായിവന്ന പന്ത് വലയിലെത്തിച്ച് ഡി ജോങ് ബാഴ്സയെ മുന്നിലെത്തിച്ചു. 113ാം മിനുറ്റിൽ തകർപ്പൻ വോളിയിലൂടെ ഒരിക്കൽ കൂടി ആൽബ വലകുലുക്കിയപ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ഗ്രനഡക്കായുള്ളൂ.

COMMENTS