കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ആദ്യ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയ വിജയകരം. ഇതിന്റെ സന്തോഷത്തിലാണ് ആശുപത്രിയിലെ അധികൃതരും ശസ്‌ത്രക്രിയയില...
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ആദ്യ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയ വിജയകരം. ഇതിന്റെ സന്തോഷത്തിലാണ് ആശുപത്രിയിലെ അധികൃതരും ശസ്‌ത്രക്രിയയില്‍ പങ്കെടുത്ത ഡോക്‌ടര്‍മാരും. അപ്പന്‍ഡിക്‌സ് ബാധിതയായ യുവതിയെ ആണ് ശസ്‌ത്രക്രിയക്ക് വിധേയമാക്കിയത്.കടുത്ത വയറുവേദനയുമായിട്ടാണ് യുവതി ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ അപ്പന്റിക്‌സ് ആണെന്നു സ്ഥിരീകരിച്ചു. ശസ്‌ത്രക്രിയ മാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്നാണ് താക്കോല്‍ദ്വാര ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.ഡോക്‌ടര്‍മാരായ രവീന്ദ്രന്‍, വിനോദ്, ഹസീന, നിതിന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്‌ടര്‍മാരായ ഡോ. രമ്യ, ഡോ. വിജയലക്ഷ്‌മി, ഡോ. ശ്രീജിത്ത്, സ്റ്റാഫ് നഴ്‌സ് ബിനി, ബിന്ദുമോള്‍ ലെനീഷ്, ടെക്‌നീഷ്യന്‍ വിസ്‌മയ എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തത്.അത്യന്തം സങ്കീര്‍ണ്ണമായിരുന്ന ശസ്‌ത്രക്രിയ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. ആദ്യത്തെ ഉദ്യമം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്‌ടര്‍മാരും സംഘവും. ഇനിമുതല്‍ ഗാള്‍ബ്ലാഡര്‍, ഹെര്‍ണിയ, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, അണ്ഡാശയ മുഴകള്‍, കോളോണിക് സര്‍ജറി, പാന്‍ക്രിയാസ് സര്‍ജറി, തുടങ്ങിയ ഉദരരോഗങ്ങളെല്ലാം താക്കോല്‍ ദ്വാര ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ആശുപത്രിയിലെ സര്‍ജ്ജറി വിഭാഗം.രണ്ടു മില്ലിമീറ്റര്‍ മുതല്‍ ഒരു സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ദ്വാരങ്ങളുണ്ടാക്കിയാണ് താക്കോല്‍ദ്വാര ശസ്‌ത്രക്രിയ നടത്തുന്നത്. ശസ്‌ത്രക്രിയക്കു ശേഷം മുറിപ്പാടുകള്‍ ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

COMMENTS